താരങ്ങളുടെ എളിമയെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തായാവാറുണ്ട്. ഇവിടെ വാര്‍ത്തയായിരിക്കുന്നത് താരരാജാവ് മോഹന്‍ലാലിനെ കുറിച്ചാണ്. ഇത്തരം എളിമ നിറഞ്ഞ മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ മറ്റൊരു ചിത്രവുമായാണ് ആരാധകര്‍ എത്തിയത്. ആശുപത്രിയില്‍ മറ്റുള്ളവരോടൊപ്പം ഒപിയില്‍ ക്യൂ നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

 ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' എന്ന ചിത്രത്തിന് വേണ്ടി രൂപ മാറ്റം വരുത്തുന്നതിന് നൂതന ശാസ്ത്രീയ ചികിത്സയ്ക്ക് എത്തിയതാണ് താരം. ക്യൂവില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ഡോക്ടര്‍മാര്‍ പിന്നീട് കൂട്ടികൊണ്ടുപോകുകയായിരുന്നു. 

 സിനിമയ്ക്ക് വേണ്ടി രൂപമാറ്റം വരുത്താന്‍ ശരീരം സജ്ജമാണോ എന്നറിയാനാണ് താരം എത്തിയത്. വ്യായാമത്തിലൂടെ ഹൃദയത്തിന്‍റെ കാര്യക്ഷമത മനസ്സിലാക്കുന്ന പരിശോധനയായ ട്രെഡ്മില്‍ ടെസ്റ്റിനാണ് താരം വിധേയനായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കാന്‍ എത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പങ്കുവച്ചത്.