കൊച്ചി: കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ഉത്തരം മലയാളികള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാകില്ല. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ദുരം എത്രയെന്ന ചോദ്യത്തിന് മോഹല്‍ലാല്‍ നല്‍കിയ ഉത്തരം തമാശയാക്കാത്തവരും കുറവാകും. ഇപ്പോഴിതാ ആ ഹിറ്റ് ഡയലോഗ് സിനിമയാകുകയാണ്.

യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചതും മറ്റാരുമല്ല. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ഉത്തരം ഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവില്‍ നല്‍കിയ മോഹന്‍ലാല്‍ തന്നെയാണ് ടൊവിനോ ചിത്രം പ്രഖ്യാപിച്ചത്. ടോവിനോ നിര്‍മ്മാണരംഗത്ത് ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമാണ് ടൊവിനോ ചിത്രം നിര്‍മ്മിക്കുക.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസയും നേര്‍ന്ന മോഹന്‍ലാല്‍ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി.