ഓണം എല്ലാവര്‍ക്കും ഉത്സവമാണ്, ഓണക്കാലമായാല്‍ എങ്ങും സന്തോഷത്തിന്റെയും സമൃദ്ധിയേുടെയും കാലമാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറായ മോഹല്‍ലാല്‍ ചിങ്ങമാസം പിറന്നപ്പോള്‍ തന്നെ ഓണാശംസകളുമായി എത്തി. അങ്ങ് ഭൂട്ടാനില്‍ നിന്നാണ് താരത്തിന്റെ ആശംസകള്‍ എത്തിയത്. തന്റെ ബ്ലോഗിലൂടെയാണ് ഓണത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. 

'താഷി ദെ ലേ' ('നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു') എന്നു ഭൂട്ടാന്‍ ഭാഷയില്‍ പറഞ്ഞാണ് ലാലിന്റെ ആശംസ തുടങ്ങുന്നത്. ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കൊച്ചു രാജ്യമായ ഭൂട്ടാനില്‍ നിന്നാണ് എഴുതുന്നത്. നാട്ടില്‍ ഇപ്പോള്‍ ഓണമാസം പിറന്നു കഴിഞ്ഞിരിക്കണം, ഒരു നല്ല കാലത്തേയും നീതിപൂര്‍വ്വമായ ഭരണ രീതിയേയും നന്മ മാത്രമുള്ള മനുഷ്യരേയും കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ലോകമെങ്ങുമുള്ളവര്‍ കേരളത്തിന്റെ ഒരു മിത്തിലേക്ക് വിരല്‍ ചൂണ്ടും. മിത്താണെങ്കിലും അതിശയോക്തിയാണെങ്കിലും ശരി ഓണം സന്തോഷത്തിന്റെ നിറങ്ങള്‍ കൊണ്ടുമാത്ര എഴുതിയതാണെന്ന് താരം പറയുന്നു

ഓരോ വര്‍ഷവും നാം ജീവിക്കുന്ന കാലം മോശമാവുകയും ഓണത്തിന്റെ ഭൂതകാലം ഭംഗിയേറിയതുമാവുകയാണ്. അങ്ങിനെ ഓണത്തിന്റെ ഐതിഹ്യം ശരിയാണെന്ന് കൂടുതല്‍ കൂടുതല്‍ നാം വിശ്വസിച്ചുപോകുകയും ചെയ്യുന്നുവെന്ന് ലാല്‍ ബ്ലോഗിലൂടെ പറയുന്നു. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാകുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടി തന്നെയാണ്. എന്നിട്ടും എത്രപേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നുവെന്നും മോഹല്‍ ലാല്‍ ചോദിക്കുന്നു.

ഞാന്‍ പൂര്‍ണമായും സന്തോഷവാനാണ് സന്തോഷവതിയാണ് എന്ന് തുറന്നു പറയുന്ന എത്രപേരുണ്ട് നമുക്കൊപ്പം എല്ലാവരും ഏതെങ്കിലും തരത്തില്‍ ദു:ഖിതരായിരിക്കും. നന്മയുടെയും സന്തോഷത്തിന്റെയും സ്വന്തം നാട്ടിലും. ലോകത്ത് സന്തോഷത്തിന്റെ ദേശം ഭൂട്ടാനാണെന്നും ഈ രാജ്യം സന്തോഷത്തിന്റെയും ആനന്ദത്തിനും വലിയ പങ്ക് നല്‍കുന്നുവെന്നും മോഹല്‍ ലാല്‍ പറയുന്നു. 

 ബ്ലോഗിന്റെ പൂര്‍ണ രൂപം