മോഹൻലാല്‍- മലയാളികളുടെ സ്വകാര്യ അഹങ്കാരം. പറഞ്ഞുപറഞ്ഞു പതിഞ്ഞ വിശേഷണമാണെങ്കിലും മലയാളികളുടെ അഭിമാനമായി വീണ്ടും മാറുകയാണ് മോഹൻലാല്‍.  രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരിക്കുന്നു, മോഹൻലാലിനെ. പ്രേം നസീറിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന മലയാള നടനെന്ന വിശേഷണം കൂടിയാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്.

തോളുചെരിച്ചുള്ള നടത്തത്തില്‍ തുടങ്ങുന്ന മാനറിസങ്ങളിലൂടെ മോഹൻലാല്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷം 40ല്‍ അധികമായി. മലയാളികള്‍ നെഞ്ചില്‍ ചേര്‍ത്തുവച്ച വിസ്മയിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍.. ദേശീയ പുരസ്കാരമടക്കം എണ്ണംപറഞ്ഞ ബഹുമതികള്‍. പുരസ്‍കാരപ്പെരുമയില്‍ മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായും മോഹൻലാല്‍ അടയാളപ്പെട്ടുനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഏറ്റവും വലിയ ക്രൌഡ് പുള്ളറായി ആരാധകരുടെ ലാലേട്ടൻ ബോക്സ് ഓഫീസില്‍ നിറഞ്ഞുനില്‍ക്കുന്നതും.

1980- 90കളില്‍ ജനപ്രിയവും അതേസമയം  മലയാളികളുടെ അന്നത്തെ സാമൂഹ്യപരിസരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ കഥാപാത്രങ്ങളിലൂടെയാണ് മോഹൻലാല്‍ പ്രേക്ഷകരോട് അടുപ്പം കൂടുന്നത്. വില്ലൻ കഥാപാത്രങ്ങളിലൂടെ തുടങ്ങിയ മോഹൻലാല്‍; പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ വിജയനായകനായി മാറുകയായിരുന്നു.  അളന്നുമുറിച്ചുള്ള കോമഡികളും അടക്കിപ്പിടിച്ച വിങ്ങലുകളുമുള്ള കഥാപാത്രങ്ങള്‍ മലയാളികളുടെ സ്വകീയാനുഭവങ്ങളായി മാറുകയായിരുന്നു. അന്നത്തെ കാലത്തെ 'അവാര്‍ഡ് പട'ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനകീയമായ രീതിയിലുള്ള ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാല്‍ സംസ്ഥാനതലത്തില്‍ മികച്ച നടനായി മാറുന്നതും. 1986ലാണ് മോഹൻലാലിനെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ഇങ്ങനെ ജനകീയ സിനിമകളിലെ ഹിറ്റ് നായകനായി തുടരുമ്പോള്‍ തന്നെ സമാന്തര സിനിമകളിലെ കഥാപാത്രങ്ങളിലൂടെ അഭിനയം രാകിമിനുക്കുകയും ചെയ്‍തതോടെ മഹാനടനെന്ന വിശേഷണവും മോഹൻലാല്‍ തന്റെ പേരിനൊപ്പം ചേര്‍ത്തുവച്ചു. പാദമുദ്ര, ഭരതം, കാലാപാനി, വാനപ്രസ്ഥം, ഇരുവര്‍ അങ്ങനെ കലാമൂല്യമുള്ള നിരവധി സിനിമകളുടെയും ഭാഗമാകുകയായിരുന്നു മോഹൻലാല്‍. അതേസമയം രാജാവിന്റെ മകൻ, ഇരുപതാംനൂറ്റാണ്ട് തുടങ്ങിയ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാര്‍ പട്ടവും മോഹൻലാല്‍ സ്വന്തമാക്കി.

മലയാളികളുടെ അനുഭവപരിസരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ മികച്ച നടനായി മാറിയ മോഹൻലാല്‍ 2000ത്തിനു ശേഷം വെള്ളിത്തിരയില്‍ അതിമാനുഷനായും മാറി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റുകള്‍ക്ക് ആ മാറ്റം വഴിയൊരുക്കിയെങ്കിലും അവയുടെ ചുവടുപിടിച്ചുള്ള ആവര്‍ത്തനവും, കഥാപാത്രങ്ങള്‍ വാചകസര്‍ത്തുകള്‍ നടത്തുകയും ചെയ്‍തപ്പോള്‍ മലയാളികള്‍ക്ക് ഇഷ്‍ടം തെല്ലൊന്നും കുറയുകയും ചെയ്‍തതാണ് മോഹൻലാലിന്റെ കരിയര്‍. അങ്ങനെ കയറിയുമിറങ്ങിയും വളര്‍ന്നതാണെങ്കിലും പഴയ ലാല്‍ കഥാപാത്രങ്ങള്‍ നൊസ്റ്റാള്‍ജിയയായി മലയാളികള്‍ എന്നും ഒപ്പം കൊണ്ടുനടന്നു. അതുകൊണ്ടാണ് അക്കാലത്ത്, പഴയ ലാലേട്ടനെ തിരിച്ചുവേണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടതും. ഒരേരീതിയില്‍ ഒഴുകുന്ന പുഴപോലെ തോന്നിപ്പിക്കുമെങ്കിലും കരിയറില്‍ കാലത്തിനൊത്തു മാറുകയും പ്രേക്ഷകാഭിരുചികളെ പിന്തുടരുകയും ചെയ്യുന്ന നടനായിരുന്നു മോഹൻലാല്‍ എപ്പോഴും. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട മോഹൻലാല്‍ കോമഡി- ഫാമിലി ചേരുവകള്‍ ചേര്‍ത്തുവച്ച് ബാലേട്ടൻ പോലുള്ള ചില സിനിമകളിലൂടെ ബോക്സ് ഓഫീസില്‍ തിരിച്ചുവരവും നടത്തി.

എത്രദിവസം പ്രദര്‍ശിപ്പിച്ചു എന്ന കണക്കുകളില്‍ നിന്ന് സിനിമയെ കോടിക്കിലുക്കത്തില്‍ അടയാളപ്പെടുത്താൻ തുടങ്ങിയപ്പോള്‍ അവിടെയും മലയാളസിനിമയ്ക്ക് ഉയര്‍ച്ച സമ്മാനിച്ചത് മോഹൻലാലാണ്. മോഹൻലാല്‍ നായകനായ പുലിമുരുകൻ മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമാകുകയായിരുന്നു. സമീപവര്‍ഷങ്ങളില്‍ ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് സജീവമായി കടക്കുകയും ചെയ്യുന്ന മോഹൻലാലിനെയാണ് പ്രേക്ഷകര്‍ കാണുന്നത്. മുമ്പ് ഇരുവര്‍, കമ്പനി  പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജില്ല, ജനത ഗാരേജ്, കാപ്പാൻ തുടങ്ങിയ സിനിമകളിലൂടെ സംസ്ഥാനത്തിന് പുറത്തും ജനപ്രീതി നേടുകയാണ് മോഹൻലാല്‍. മോഹൻലാല്‍ എന്ന നടൻ ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് വളരുമ്പോള്‍ മലയാള സിനിമയുടെ വ്യവസായിക ലോകത്തിന്റെ അതിര്‍ത്തികള്‍ വിശാലമാകുന്നതും കാണാം. മോഹൻലാലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് മൊത്തം ലഭിക്കുന്ന ആദരവു കൂടിയായി മാറുന്നു അത്.