മഹേഷിന്റെ പ്രതികാരത്തെ പ്രശംസിച്ച് മോഹന്‍ലാല്‍. മഹേഷിന്റെ പ്രതികാരത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം ദിനാഘോഷത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നത്.

മോഹന്‍ലാലിന്റെ സന്ദേശം

‘മഹേഷിന്റെ പ്രതികാരം, ആ സിനിമയുടെ നൂറ്റിയിരുപത്തിയഞ്ചാം ദിനാഘോഷത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിന്റെ ദുഃഖം അറിയിക്കുന്നു. ഞാന്‍ ഹൈദരാബാദില്‍ ഷൂട്ടിങ് തിരക്കുകളിലാണ്. എനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്‍ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും അങ്ങനെ അതില്‍ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്‍തു. വളരെ വ്യത്യസ്‍തമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. വില്ലന്‍ അവസാനം പറയുന്ന ഡലയോഗ് തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മനോഹരമായ സറ്റയറാണ് ക്ലൈമാക്‌സ്. ഒരു പാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ ഇത്. ഇതിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.