തിരുവനന്തപുരം: വയലിന്‍ കൊണ്ട് മാന്ത്രിക വിദ്യകള്‍ തീര്‍ത്ത ബാലഭാസ്‌ക്കറിന്റെ  മരണത്തില്‍ അനുശോചനമർപ്പിച്ച് മലയാളികളുടെ  മോഹന്‍ലാല്‍. 'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

വാഹനാപകടത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്കർ. തിങ്കളാഴ്ച ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും  ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. ബാലഭാസ്ക്കറിന്റെ അകാല വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത തീരാ നഷ്ടമാണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലൂടെ   സ്വതന്ത്ര സംഗീത സംവിധായകനായി വേഷമണിഞ്ഞ ബാലഭാസ്ക്കർ പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ലെങ്കിലും ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായി. സംസ്കൃത കോളേജില്‍ എംഎ സംസ്കൃതം വിദ്യാര്‍ഥി ആയിരിക്കെയാണ് എംഎ ഹിന്ദി വിദ്യാര്‍ഥി ആയിരുന്ന ലക്ഷ്മിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ തന്റെ 22മത്തെ വയസ്സിൽ ലക്ഷ്മിയെ ജീവിത സഖിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബാലഭാസ്‌കര്‍ തുടങ്ങിയ 'കണ്‍ഫ്യൂഷന്‍' എന്ന ബാന്‍ഡ് കേരളത്തിലെ തന്നെ ആദ്യത്തെ സംഗീത ബാന്‍ഡുകളിലൊന്നാണ്. എആര്‍ റഹ്മാനെ പോലുള്ള സംഗീത സംവിധായകര്‍ ബാലഭാസ്കറിന്‍റെ പ്രകടനം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.