ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്.


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത് എന്ന് മോഹൻലാല്‍ പറയുന്നു. മോഹൻലാല്‍ എഴുതിയ ബ്ലോഗിലാണ് ഇക്കാര്യം പറയുന്നത്.

മോഹൻലാലിന്റെ വാക്കുകള്‍


എന്നെ സംബന്ധിച്ച്‌ ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്.

ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോള്‍ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. ‘ട്രാൻസി’ന്റെ അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.

ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല.

എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച്‌ യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം... യാതൊരു വിധ അഹന്തകളുമില്ലാതെ.... ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും..