മറ്റ് ചലച്ചിത്രമേഖലകളില്‍ നിന്നും താരങ്ങള്‍ മോഹന്‍ലാലിന് ആശംസകളുമായെത്തി

മോഹന്‍ലാല്‍ എന്ന നടന്‍ ചലച്ചിത്രാസ്വാദകരിലുണ്ടാക്കിയിട്ടുള്ള സ്വാധീനം എന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ അദ്ദേഹത്തിന്‍റെ പിറന്നാളും. ആരാധകരും മലയാളസിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസകളുമായെത്തുക പതിവാണെങ്കില്‍ ഇക്കുറി ആശംസകള്‍ മറ്റ് സിനിമാവ്യവസായങ്ങളുടെ അതിരുകള്‍ കടന്നുമെത്തി. മമ്മൂട്ടിയും പൃഥ്വിരാജും സുരേഷ്ഗോപിയുമടക്കം മലയാളത്തിലെ മിക്ക താരങ്ങളും ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെങ്കില്‍ തെലുങ്കില്‍ നിന്ന് ജൂനിയര്‍ എന്‍ടിആറും ബോളിവുഡില്‍ നിന്ന് ഹൃത്വിക് റോഷനുമൊക്കെ തങ്ങളെ പലകാലങ്ങളില്‍ അമ്പരപ്പിച്ച നടന് ആശംസകളുമായെത്തി. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ തനിക്ക് സ്നേഹം പകര്‍ന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍.

"പിറന്നാള്‍ ആശംസകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. മുന്നിലൊരു നല്ല വര്‍ഷമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘായുസ്സും സന്തോഷവുമുണ്ടാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു", മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാര്യ സുചിത്രയ്ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്‍റെ ഹ്രസ്വ വീഡിയോയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ നന്ദി പറയുന്നത്.