മുന്‍പ് പ്രശാന്ത് നാരായണന്‍ എഴുതി അവതരിപ്പിച്ച ഛായാമുഖി എന്ന നാടകത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അരങ്ങില്‍ മുകേഷുമുണ്ടായിരുന്നു അന്ന് ഒപ്പം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, താനഭിനയിച്ച ഒരു നാടകത്തിന്‍റെ ലഘു വീഡിയോ മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്‍തിരുന്നു. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാസന്‍ രചിച്ച സംസ്കൃതനാടകമായ കര്‍ണഭാരത്തിന് കാവാലം നാരായണ പണിക്കര്‍ സംവിധാനം നിര്‍വ്വഹിച്ച ആവിഷ്കാരത്തിന്‍റെ 1.42 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ആയിരുന്നു അത്. അടുത്തകാലത്ത് ആ നാടകത്തിന്‍റെ വീഡിയോ കണ്ടപ്പോള്‍ അതിലെ കര്‍ണനെ അവതരിപ്പിക്കാനായതിനെക്കുറിച്ച് തനിക്ക് അത്ഭുതം തോന്നിയെന്ന് മോഹന്‍ലാല്‍. ഒപ്പം ആ നാടകം പൂര്‍ണരൂപത്തില്‍ പ്രേക്ഷകര്‍ കാണണമെന്ന് തനിക്ക് ആഗ്രഹം തോന്നിയെന്നും. ഇതിന്‍റെ ഭാഗമായി കര്‍ണഭാരത്തിന്‍റെ മുഴുവന്‍ വീഡിയോ ഫേസ്ബുക്കിലും യുട്യൂബിലുമായി ഇന്ന് വൈകിട്ട് അഞ്ചിന് ഷെയര്‍ ചെയ്യുമെന്നും നാടകത്തെയും തന്നെയും സ്നേഹിക്കുന്ന എല്ലാവരും കാണണമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. 

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലിനെ കര്‍ണനാക്കി കാവാലം നാരായണ പണിക്കര്‍ കര്‍ണഭാരം അവതരിപ്പിച്ചത്. സംസ്കൃതം അറിയില്ലാത്തതിന്‍റെ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിച്ചപ്പോള്‍ കാവാലമാണ് തന്നെ ധൈര്യപ്പെടുത്തിയതെന്നും പറഞ്ഞു മോഹന്‍ലാല്‍. നാടകത്തിലെ നായകനായ, മാനസിക സംഘര്‍ഷങ്ങളുള്ള കര്‍ണനെ അതിലേറെ മാനസികസംഘര്‍ഷത്തോടെയാണ് താന്‍ അരങ്ങില്‍ അവതരിപ്പിച്ചതെന്നും. 

നാടക അരങ്ങിനോടുള്ള തന്‍റെ താല്‍പര്യം മോഹന്‍ലാല്‍ മുന്‍പ് പലപ്പോഴും തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍പ് പ്രശാന്ത് നാരായണന്‍ എഴുതി അവതരിപ്പിച്ച ഛായാമുഖി എന്ന നാടകത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അരങ്ങില്‍ മുകേഷുമുണ്ടായിരുന്നു അന്ന് ഒപ്പം. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട് മോഹന്‍ലാല്‍. നീരാളിയാണ് അദ്ദേഹത്തിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയത്.