200 കോടി ബജറ്റിലെന്ന് സൂചന ചിത്രത്തിന്റെ പേര്‌ 'കുഞ്ഞാലിമരയ്‌ക്കാര്‍' എന്നാവില്ല
'കുഞ്ഞാലിമരയ്ക്കാര്' എന്ന ചരിത്രപുരുഷന് മലയാളത്തിന്റെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നതായ വാര്ത്തകള് കേള്ക്കാന് തുടങ്ങിയിട്ട് ഏറെക്കാലമായി. ഒന്നല്ല, രണ്ട് പ്രോജക്ടുകളാണ് സാമൂതിരിയുടെ നാവികസേനാ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരെ പ്രധാന കഥാപാത്രമാക്കി അണിയറയില് ആലോചന നടക്കുന്നതായ വാര്ത്തകള് പുറത്തുവന്നത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും മോഹന്ലാലിനെ അതേ കഥാപാത്രമാക്കി പ്രിയദര്ശനും പ്രോജക്ടുകള് ആലോചിക്കുന്നുവെന്ന് അണിയറക്കാര് തന്നെ വെളിപ്പെടുത്തി. ഓഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് അണിയറക്കാര് പങ്കുവച്ചിരുന്നു. എട്ട് മാസം കാത്തിരിക്കുമെന്നും അതിനകം സന്തോഷ് ശിവന് ചിത്രം യാഥാര്ഥ്യമായില്ലെങ്കില് തന്റെ പ്രോജക്ടുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു പ്രിയദര്ശന്റെ അവസാന പ്രതികരണം.
എന്നാല് മോഹന്ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാരുടെ പ്രഖ്യാപനം ഉടന് നടക്കുമെന്ന് ഒരു അനൗദ്യോഗിക വിവരം സിനിമാവൃത്തങ്ങളില് പ്രചരിക്കുന്നുണ്ട്. നിര്മ്മാതാവും കോണ്ഫിഡന്റ് ഗ്രൂപ്പ് ചെയര്മാനുമായ ഡോ: റോയ് സി.ജെയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ 'അനൗദ്യോഗിക വിവര'ത്തിന് ആധാരം. മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയുടെ ലോഞ്ചിംഗും പ്രസ്മീറ്റും ഇന്ന് വൈകിട്ട് 4.30ന് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. മോഹന്ലാല്, പ്രിയദര്ശന്, കുഞ്ഞാലിമരയ്ക്കാര് എന്നൊന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ലെങ്കിലും ഫേസ്ബുക്കില് പ്രചരിക്കുന്നത് ആ ചിത്രത്തെക്കുറിച്ചാണ് ഡോ: റോയ് സി.ജെ പറയുന്നതെന്നാണ്.
ഡോ: റോയ്യുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മറ്റൊരു നിര്മ്മാതാവായ ഷിജു തമീന്സും ഈ ചിത്രത്തെക്കുറിച്ച് പോസ്റ്റ് ഇട്ടു. ആശിര്വാദ് സിനിമാസും കോണ്ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്മ്മിക്കുന്ന പ്രിയദര്ശന്റെ കുഞ്ഞാലിമരയ്ക്കാര് 2020ല് റിലീസ് ചെയ്തേക്കുമെന്നാണ് ഷിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മണ്മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്റെ ബേസിക് സ്ക്രിപ്റ്റില് പ്രിയദര്ശനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്ന് ചലച്ചിത്രവൃത്തങ്ങളില് സംസാരമുണ്ട്. ഹോളിവുഡിലും ബോളിവുഡിലും നിന്നുള്ള പ്രമുഖ സാങ്കേതികവിദഗ്ധരും പ്രോജക്ടിന്റെ ഭാഗഭാക്കാവുമെന്നും അറിയുന്നു. 200 കോടി എന്ന വമ്പന് ബജറ്റിലാണ് ചിത്രം പൂര്ത്തിയാവുകയെന്നും വിവരം.
