"നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്... പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങൾ.. ഓർമകളുടെ ഗ്രാമഫോണിൽനിന്ന് ഇന്നും അവ പരന്നൊഴുകിക്കൊണ്ടേയിരിക്കുന്നു..." മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പാട്ടുകളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുന്നത്.

തന്‍റെ പുതിയ ചിത്രമായ ഒടിയന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് ലാല്‍ ഓര്‍മ്മകളിലേക്കൊരു യാത്ര പോയത്. ഒടിയനി'ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഒരുപാട് സന്തോഷത്തോടെ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നു. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണെന്നും ലാല്‍ പറയുന്നു.

എം ജയചന്ദ്രനാണ് ഒടിയന്‍റെ സംഗീതം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കുന്നത് റഫീക്ക് അഹമ്മദാണ്. എംടിയുടെ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഒടിയന്‍റെയും സംവിധായകനും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സിനിമ ഈ വര്‍ഷം അവസാനം തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.