നായികാ കേന്ദ്രീകൃതമായ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സാറ്റലേറ്റ് റേറ്റ് ഇനത്തില്‍ ലഭിക്കുന്നത്.

റെക്കോര്‍ഡ് സാറ്റലേറ്റ് റേറ്റ് നേടി മോഹന്‍ലാല്‍ എന്ന ചിത്രം. നാല് കോടി രൂപയ്ക്കാണ് ഒരു സ്വകാര്യ ചാനല്‍ മോഹന്‍ലാലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നായികാ കേന്ദ്രീകൃതമായ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സാറ്റലേറ്റ് റേറ്റ് ഇനത്തില്‍ ലഭിക്കുന്നത്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജുവാര്യരാണ് മോഹന്‍ലാലിലെ നായികാ കഥാപാത്രം. 

മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ മിന്നുന്ന പ്രകടനവും ഗാനരംഗങ്ങളും കൊണ്ട് പ്രക്ഷേകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന് റെക്കോര്‍ഡ് തുക സാറ്റലേറ്റ് റേറ്റിനത്തില്‍ ലഭിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

'ഇടി' എന്ന സിനിമയ്ക്ക് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന സിനിമയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനു എന്ന വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മോഹന്‍ലാലിന്റെ ഫാന്‍ ചിത്രമെന്ന പ്രത്യേകതയോടെയിറങ്ങിയ മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്ന ' നടനെ'ക്കുറിച്ച് ഇതുവരെ ഇറങ്ങിയ ചിത്രങ്ങളെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ്. 

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കടന്നുവന്ന അതേ ദിവസമാണ് മീനാക്ഷിയുടെ ജനനം. മോഹന്‍ലാലിന്റെ കരിയര്‍ വളര്‍ച്ചയോടൊപ്പം മീനുവും വളരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും കടുത്ത ആരാധികയായി മാറിയ മീനു, തന്റെ ജീവിതത്തിലും മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളെ പോലെ മറ്റുള്ളവരെ കണ്ടുതുടങ്ങുന്നു.

ഫ്‌ളാഷ്ബാക്കിലൂടെ സഞ്ചരിക്കുന്ന സിനിമ നിരവധി രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെ തങ്ങളുടെ വേഷങ്ങളെ ഭദ്രമാക്കിയിരിക്കുന്നു. ഇവരുടെ മത്സരിച്ചുള്ള അഭിനയവും തമാശ രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

സുനീഷ് വരനാടാണ് രചന. സൗബിന്‍ ഷാഹിര്‍, അജുവര്‍ഗീസ്, സിദ്ദിഖ്, സലീം കുമാര്‍, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന്‍ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു.