ചെന്നൈ: തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി എന്ന മോഹിനി എങ്ങനെയാണ് ക്രിസ്റ്റീനയായത്. ജീവിതത്തിലെ അപ്രതീക്ഷിതമായ ആ തീരുമാനത്തെക്കുറിച്ച് മോഹിനി തന്നെ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി തന്റെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ഞാന്‍ കടുത്ത ദൈവവിശ്വാസിയായിരുന്നു. എന്റെ ഭക്തിയും വിശ്വാസവും കണ്ട് ഞാന്‍ സന്യാസിയാകുമോ എന്നുവരെ വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള തനിക്ക് വിവാഹശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മതംമാറാന്‍ കാരണമെന്ന് മോഹിനി പറഞ്ഞു. വിവാഹ ശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടിയുണ്ടാകൂ എന്ന് വിശ്വസിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഹിന്ദു മതത്തിലെ പുസ്തകങ്ങളും ബുദ്ധമതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും വായിച്ചു. 

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയാണ് ഒരു ബൈബിള്‍ നല്‍കിയത്. വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബൈബിള്‍ വായിച്ച് തുടങ്ങി. അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു. ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു. ആ പെട്ടകത്തിലേക്ക് എന്നെ കൊണ്ടു പോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയ തിരിച്ചറിവ് നല്‍കി. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ത്ഥ ദൈവത്തെ തേടിയുള്ള അന്വേഷണം തുടര്‍ന്നു. അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി-മോഹിനി പറഞ്ഞു. 

സിനിമയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്ന മോഹിനി ഇപ്പോള്‍ കുടുംബസമേതം യു.എസിലാണ്. രണ്ട് ആണ്‍മക്കളുണ്ട് മോഹിനിക്ക്. മൂത്ത മകന് 17 വയസും ഇളയ മകന് ആറ് വയസുമാണ്. ഭര്‍ത്താവ് ഭരത് സ്വാമി കൃഷ്ണസ്വാമി എച്ച്.സി.എല്ലിലാണ് ജോലി ചെയ്യുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു.