ആദ്യമാദ്യം ജോലി സംബന്ധായ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു. പിന്നീട് കാണണമെന്ന് പറയാന്‍ തുടങ്ങി. പിന്നെ തന്നോട് പ്രണയമാണെന്ന് ആയി. തന്നെ കുറിച്ച് കവിത എഴുതിയിട്ടുണ്ടെന്ന് വരെ പറഞ്ഞു

ചെന്നൈ: ഗായിക ചിന്മയിക്ക് ശേഷം ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു ഗായിക കൂടി. ഗായികയും ഫോട്ടോഗ്രാഫറുമായ സിന്ധുജ രാജാറാമാണ് രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയിയെ പിന്തുണച്ചാണ് സിന്ധുജ രംഗത്തെത്തിയത്. നിലവില്‍ കാലിഫോര്‍ണിയയിലാണ് സിന്ധുജ. 

വൈരമുത്തുവിനെ കുറിച്ച് സിന്ധുജയുടെ വാക്കുകള്‍;

തന്‍റെ 18ാം വയസ്സിലാണ് വൈരമുത്തുവിനെ പരിചയപ്പെടുന്നത്. കുടുംബം ബംഗളുരുവിലേക്ക് താമസം മാറിയതോടെ താന്‍ ചെന്നൈയില്‍ വൈരമുത്തു നടത്തുന്ന് ഹോസ്റ്റലിലേക്ക് താമസം മാറി. സിനിമ ഇന്‍റസ്ട്രിയില്‍ ആയതിനാല്‍ രാത്രി ഏറെ വൈകിയും ജോലി ചെയ്യേണ്ടതുളളതിനാല്‍ അത്തരം സൗകര്യങ്ങള്‍ നല്‍കുന്ന ഹോസ്റ്റല്‍ തെരയുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ ഹോസ്റ്റല്‍ തീരുമാനിച്ചത്. ഇതിനായി തന്‍റെ അമ്മ വൈരമുത്തുവിനെ നേരിട്ട് ഫോണില്‍ വിളിക്കുകയും സുരക്ഷയെ കുറിച്ചും തൊഴില്‍ സംബന്ധമായ കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയും ചെയ്തു. 

നേരിട്ട് കാണണമെന്നായിരുന്നു വൈരമുത്തു ആവശ്യപ്പെട്ടത്. രക്ഷിതാക്കള്‍ക്കൊപ്പമെത്തി അദ്ദേഹത്തെ കണ്ടു. എല്ലാം ശരിയാക്കാമെന്നും തന്‍റെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത് കേള്‍പ്പിച്ചപ്പോള്‍ എആര്‍ റഹ്മാന് പരിചയപ്പെടുത്താമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടായില്ല. ഹോസ്റ്റലില്‍ സൗകര്യമൊരുക്കാന്‍ വൈരമുത്തു ഇടപെട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബ സുഹൃത്തിന്‍റെ വീട്ടിലേക്ക് താമസം മാറി. പിന്നീട് റഹ്മാന്‍റെ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ട് ഒരിക്കല്‍ ഫോണ്‍ ചെയ്തു. തന്‍റെ ബന്ധുവുമൊത്ത് അവിടെയെത്തി. പിന്നീട് പലതവണയായി വൈരമുത്തു ഫോണില്‍ വിളിച്ചു. 

ആദ്യമാദ്യം ജോലി സംബന്ധായ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു. പിന്നീട് കാണണമെന്ന് പറയാന്‍ തുടങ്ങി. പിന്നെ തന്നോട് പ്രണയമാണെന്ന് ആയി. എന്നാല്‍ പിതാവിന്‍റെ സ്ഥാനത്താണെന്നും അത്രമേല്‍ ബഹുമാനം മാത്രമേ ഉള്ളുവെന്നുമായിരുന്നു തന്‍റെ മറുപടി. തന്നെ കുറിച്ച് കവിത എഴുതിയിട്ടുണ്ടെന്ന് വരെ പറഞ്ഞുവെന്നും സിന്ധുജ 'സ്ക്രോള്‍ ഡോട്ട് ഇന്‍' ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

പിന്നീട് പലതവണ വിളിച്ച് ശല്യം ചെയ്തു. നേരിട്ട് കാണണമെന്നും ഒരുമിച്ചൊരു വര്‍ക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്നുമെല്ലാം പറഞ്ഞ് വിളിച്ചു. അപ്പോഴെല്ലാം താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് അയാളുടെ ഫോണ്‍ എടുക്കാതെയായി എന്നും സിന്ധുജ വ്യക്തമാക്കി. 

''ചിന്മയി ശക്തമായി തുറന്നടിച്ചപ്പോള്‍ എനിക്ക് നേരിട്ട അനുഭവം ഈ മെയില്‍ വഴി അവരെ അറിയിച്ചു. അവരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് കരുതി. എന്നാല്‍ അവര്‍ അത് പുറത്തുവിട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ചിന്മയി അല്ലാതെ മറ്റാരും ഇതിന് വേണ്ട ശ്രദ്ധ നല്‍കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ അവര്‍ക്ക് പിന്തുണ നല്‍കണമെന്ന് തിരുമാനിക്കുകയായിരുന്നു'' - സിന്ധുജ അഭിമുഖത്തില്‍ പറഞ്ഞു. 

സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിക്കുകയായിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. 

ഹോളിവുഡില്‍ മീ ടൂ ക്യാമ്പയിന്‍ തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ബോളിവുഡില്‍നിന്ന് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്. ഇതിന്‍റെ ചുവടുപിടിച്ച് കോളിവുഡിലും മലയാളത്തിലും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നത് വിവാദമാവുകയാണ്. 

courtesy : scroll.in