കൊച്ചി:  ഓണ്‍ലൈൻ റിലീസില്‍ നിന്ന് പിന്മാറി കൂടുതല്‍ മലയാള ചിത്രങ്ങള്‍‍. ഫഹദ് ഫാസിലിന്‍റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഓൺലൈൻ റിലീസിനുണ്ടാകില്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഡിസംബറില്‍ തീയേറ്ററുകളിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നും മഹേഷ് നാരായണൻ പറഞ്ഞു. 

ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന സിനിമയും ഓൺലൈൻ റിലീസിന് ഇല്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമകളുടെ മുടക്കുമുതല്‍ ഡിജിറ്റൽ റിലീസിലൂടെ തിരിച്ച് പിടിക്കാനാവില്ല എന്നതും ചലച്ചിത്ര സംഘടനകളുടെ പ്രതിഷേധവും പല സിനിമകളുടെ അണിയറ പ്രവർത്തകരേയും ഓൺലൈൻ റിലീസിൽ പിൻവലിക്കുന്നുണ്ട്. 

വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് പ്രഖ്യാപിച്ചതിനെതിരെ ചലച്ചിത്ര സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാൽ ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനുള്ള മുൻതീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് വിജയ് ബാബു. 42-ഓളം മലയാള സിനിമകളാണ് പ്രദർശനത്തിനായി അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വിവരം. ഇവയിൽ പലതിൻ്റേയും അണിയറ പ്രവർത്തകർ ചിത്രം ഓൺലൈനായി റിലീസ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുകയാണ്.