വാര്‍ത്ത പുറത്തുവിട്ടത് സിഎന്‍എന്‍ മീ ടൂ ക്യാംപെയ്നിന്‍റെ തുടര്‍ച്ച

ഓസ്കര്‍ ജേതാവായ നടനും നിര്‍മ്മാതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരേ ലൈംഗികാരോപണവുമായി എട്ട് വനിതകള്‍. ഫ്രീമാന്‍റെ നിര്‍മ്മാണക്കമ്പനിയായ റിവലേഷന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിലെ സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഫ്രീമാന്‍ അഭിനയിച്ച ഗോയിംഗ് ഇന്‍ സ്റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റായി ജോലി ചെയ്ത യുവതി ആരോപിച്ചിരിക്കുന്നത് മാസങ്ങളുടെ ദുരനുഭവം തനിക്കുണ്ടായെന്നാണ്. പലപ്പൊഴും ഫ്രീമാന്‍ തന്‍റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കമന്‍റുകള്‍ പറയാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. 2012ല്‍ പുറത്തെത്തിയ നൗ യു സീ മീ എന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷനില്‍ ജോലി ചെയ്ത യുവതിയാണ് ആരോപണമുയര്‍ത്തിയ മറ്റൊരാള്‍. തന്നോടും തന്‍റെ അസിസ്റ്റന്‍റിനോടും ഏറെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയതെന്ന് പറയുന്നു അവര്‍. ഫ്രീമാന്‍ സെറ്റില്‍ വരുന്ന ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ മാത്രമേ പിന്നീട് ധരിക്കുകയുള്ളായിരുന്നുവെന്നും. 

അന്വേഷണത്തിന്‍റെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനാറ് പേരോടാണ് ഫ്രീമാനെതിരായ ആരോപണം സംബന്ധിച്ച് സിഎന്‍എന്‍ ആശയവിനിമയം നടത്തിയത്. അവരില്‍ എട്ടുപേര്‍ വിഖ്യാതനടനില്‍ നിന്നും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ മോര്‍ഗന്‍ ഫ്രീമാന്‍ മാപ്പ് പറഞ്ഞ് വാര്‍ത്താക്കുറിപ്പ് ഇറക്കി. "എന്നെ അറിയുന്നവര്‍ക്കും ഒപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കുമറിയാം, ഒരാളെയും മനപ്പൂര്‍വ്വം അസ്വസ്ഥമാക്കുന്ന ഒരു പെരുമാറ്റം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന്. ബോധപൂര്‍വ്വമല്ലാതെ ആര്‍ക്കെങ്കിലും അത്തരത്തില്‍ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു", ഫ്രീമാന്‍ പറയുന്നു.