മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ആമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ആമിയായി അഭിനയിക്കുന്നത്. മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

മുരളി ഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വെല്ലുവിളികളാണ് സംവിധായകന്‍ കമല്‍ നേരിട്ടത്. ആമിയായി ആര് എത്തുമെന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് താരം വിദ്യാബാലന്‍ ആമിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഒടുവില്‍, ആമി മഞ്ജുവാണെന്ന് കമല്‍ സ്ഥിരീകരിക്കുകയായിരുന്നു.