സിനിമ വിലക്കിയതിന് പിന്നാലെ പദ്മാവതിയിലെ പാട്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ്. ചിത്രത്തിലെ പാട്ടുകള്‍ സ്‌കൂളുകളിലെ വിനോദ പരിപാടികളില്‍ ഉപയോഗിക്കുന്നതിനാണ് ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിഇഒ രാജീവ് സൂര്യവംശി ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സ്കൂളിലെയും സ്വകാര്യ സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സര്‍കുലര്‍ ഇറക്കി.
ഷാഹിദ് കപൂറിനെയും ദീപിക പദുകോണിനെയും അവതരിപ്പിക്കുന്ന ഘൂമര്‍ എന്ന ഗാനം സ്‌കൂളുകളില്‍ അവതരിപ്പിക്കുന്നത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഇതിനാല്‍ പാട്ട് സ്‌കൂളുകളില്‍ നിരോധിക്കണമെന്നും രാഷ്ട്രീയ രജ്പുത് കര്‍ണിസേന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാട്ടുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടുത്തിടയാണ് ഘൂമര്‍ എന്ന പാട്ട് റിലീസ് ചെയ്തത്.
അതേസമയം ദേവാസ് കളക്ടര്‍ അനീഷ് സിംഗ് സര്‍കുലര്‍ ഉടന്‍ പിന്‍വലിക്കാന്‍ ഡിഇഓയോട് ആവശ്യപ്പെട്ടു. ഒരു സംസ്ഥാന സര്‍ക്കാരിന് മാത്രമേ ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ അധികാരമുള്ളൂ എന്നിരിക്കെ ഡിഈഓയുടെ നടപടിയില്‍ കളക്ടര്‍ വിശദീകരണം തേടി.
പദ്മാവതിയുടെ ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിച്ചിരുന്നു. തുടര്‍ന്ന് തീവ്ര വലതുസംഘടനകളില്‍ ഭൂരിഭാഗവും ചിത്രത്തിനെതിരെ രംഗത്തെത്തി. വിവാദമായ ചിത്രം റിലീസിന് മുമ്പ് തന്നെ ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മാതാക്കളായ വയാകോം മോഷനി പിക്ചേഴ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സ്വമേധയാ റിലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മാതാക്കളുടെ വിശദീകരണം.
