രാഷ്‍ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവരായിരുന്നു മൃണാള്‍ സെൻ. ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച അരാജകവാദിയെന്നായിരുന്നു ശ്യാം ബെനഗൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  സത്യജിത്ത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍ സെന്‍ ലോക സിനിമയിലെ പൊളിറ്റികല്‍ ഫിലിം മേക്കേഴ്‌സിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയ സംവിധായകനാണ്.

ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മേയ് 14ന് ജനനം. ഹൈസ്കൂൾ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കൽക്കത്തയിലെത്തിയ സെൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരിക വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്നില്ലെങ്കിലും ഇപ്റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരൻമാരുമായി ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കലാലയപഠനത്തിനു ശേഷം കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്‍ദവിഭാഗത്തിൽ ടെക്നീഷ്യനായാണ് ചലച്ചിത്ര രംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം.

ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിർമ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിർമ്മിച്ച നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ) അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാൾ സെന്നിനെ ഉയർത്തി.

1960ൽ പുറത്തിറങ്ങിയ ബയ്ഷേ ശ്രാവണയായിരുന്നു സെന്നിനെ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രം. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1943ലെ ബംഗാൾ ക്ഷാമത്തിന്റെ ക്രൂരതകൾ വെളിവാക്കുന്ന ചിത്രം.

1969ൽ പുറത്തിറങ്ങിയ ഭുവൻഷോം, വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള കഴിവുകൾ പഠിപ്പിച്ചു കൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നതായിരുന്നു. ഈ ചിത്രമായിരുന്നു സെന്നിന് ആദ്യമായി വാണിജ്യവിജയം നേടിക്കൊടുത്തത്. 1971ലെ കൽക്കട്ട 71, ഇന്റർവ്യൂ, പതാദിക്, 1973ലെ പതാദിക് ബംഗാളിലെ നക്സൽ പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ളവയായിരുന്നു. 1976ലെ മൃഗയയിൽ അദ്ദേഹം പറഞ്ഞത് ഗ്രാമങ്ങളിൽ ഭൂവുടമകൾ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ഒരു യുവതിക്കും അവളുടെ അസുഖബാധിതയായ അമ്മയ്ക്കും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലായിരുന്നു 1984ൽ പുറത്തിറങ്ങിയ ഖാണ്ടഹാറിന്റെ പ്രമേയം. സംഘര്‍ഷഭരിതവും പ്രക്ഷുബ്‍ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാലപടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ''ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍തന്നെ തിരയുന്നു'' എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്‍ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. സിനിമയെകുറിച്ചായാലും രാഷ്‍ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്.

ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഓക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നെങ്കിലും ആ പ്രോജക്ട് നടന്നില്ല. സെന്നിന്റെ മൃഗയയിലെ അഭിനയത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്.

മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ് അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍,ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു.

കേന്ദ്രസർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.

1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു, മൃണാൾ സെൻ. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്‍കിയിട്ടുണ്ട്.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റായും, കാൻ, വെനീസ്, ബെർലിൻ, മോസ്കോ, കാർലോവി വാറി, ടോക്യോ, ടെഹ്റാൻ, മാൻഹീം,ന്യൊൺ, ഷിക്കാഗോ,ഘെന്റ്, ടുനീസ്, ഓബർഹോസൻ ചലച്ചിത്രമേളകളിൽ ജൂറിയംഗമായും പദവികൾ വഹിച്ചിട്ടുണ്ട്.