നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം നടനും എംഎല്‍എയുമായ മുകേഷിന്‍റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് അന്വേഷണസംഘം മുകേഷിനെ മൊഴി രേഖപ്പെടുത്തിയത്. രാഷ്‍ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയതായിരുന്നു മുകേഷ്. മുന്‍ ഡ്രൈവര്‍ കൂടിയായ മുഖ്യ പ്രതി സുനില്‍ കുമാറിനെക്കുറിച്ച് പോലീസ് ആരാഞ്ഞതായ് മുകേഷ് പറഞ്ഞു. കേസില്‍ മുകേഷിനെ പോലീസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു.

എംഎല്‍എമാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരോടും മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ലാലിന്‍റെ വീട്ടില്‍ ആദ്യം എത്തിയ ആളുകളിലൊരാള്‍ പി ടി തോമസ് എംഎല്‍എ ആയിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്ക് നടന്‍ ദിലീപുമായുള്ള ബന്ധം വിവാദമായിരുന്നു. കേസിന്‍റെ ഗൂഡാലോചന നടന്നുവെന്ന് പൊലീസ് പറയുന്ന സമയത്തും സൗണ്ട് തോമയുടെ ചിത്രീകരണ വേളയിലും സുനില്‍ കുമാര്‍ മുകേഷിന്‍റെ ഡ്രൈവറായിരുന്നു.