എന്നാൽ പുരുഷൻമാർക്ക് പ്രകോപനപരമായ സന്ദേശങ്ങൾ അയക്കുന്ന സ്ത്രീകൾക്കെതിരേയും ഇത്തരം ഒരു ക്യാംപയിൽ വേണ്ടതല്ലേ എന്നും മേതിൽ ദേവിക ആരാഞ്ഞു

തിരുവനന്തപുരം: മീ ടു ക്യാംപയിൻ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാൻ ഒരു നല്ല അവസരമാണെന്ന് മുകേഷ് എം എൽ എയുടെ ഭാര്യ മേതിൽ ദേവിക. മുകേഷുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്നു എന്ന പറയപ്പെടുന്ന ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കപ്പെടുന്നില്ല. എന്നാൽ പുരുഷൻമാർക്ക് പ്രകോപനപരമായ സന്ദേശങ്ങൾ അയക്കുന്ന സ്ത്രീകൾക്കെതിരേയും ഇത്തരം ഒരു ക്യാംപയിൽ വേണ്ടതല്ലേ എന്നും മേതിൽ ദേവിക ആരാഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു നര്‍ത്തകി കൂടിയായ മേതില്‍ ദേവിക.

ഇതേ സമയം ടെസ് ജോസഫ് എന്ന ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയുടെ 'മീ ടു' ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ല. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി. 

ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഫോണിലൂടെ മോശമായി സംസാരിക്കുന്ന ഒരാളല്ല താന്‍. യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറിക് ഒബ്രെയ്ന്‍ തന്‍റെ സുഹൃത്താണെന്നും എന്തെങ്കിലും ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം നേരിട്ട് പറയുമായിരുന്നുവെന്നും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.