Asianet News MalayalamAsianet News Malayalam

കേരള റൈറ്റ്സില്‍ ബാഹുബലി 2നെയും മറികടന്ന് 2.0; മുളകുപാടം ഫിലിംസ് മുടക്കിയ തുക

സോഷ്യല്‍ മീഡിയയില്‍ ഇന്ന് പ്രചരിച്ചത് ചിത്രത്തിന്‍റെ കേരള റൈറ്റ്സ് 14.5 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്നാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ നിര്‍മ്മാതാക്കളായ മുളകുപാടം ഫിലിംസ് ആണ് വിതരണാവകാശം വാങ്ങിയത് എന്നും.

mulakuppadam films reveals 2.0 kerala rights
Author
Thiruvananthapuram, First Published Nov 15, 2018, 11:46 PM IST

ഇതരഭാഷാ സിനിമകള്‍ക്ക്, വിശേഷിച്ച് തമിഴ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് കേരളമിപ്പോള്‍. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രങ്ങളെല്ലാം കേരളത്തിലും മുദ്ര പതിപ്പിച്ചിരുന്നു. മികച്ച ബോക്സ്ഓഫീസ് കളക്ഷനും (സര്‍ക്കാര്‍, 96, രാക്ഷസന്‍) നിരൂപകപ്രീതിയും (വട ചെന്നൈ, പരിയേറും പെരുമാള്‍) ആ ചിത്രങ്ങള്‍ കേരളത്തിലും നേടി. കോളിവുഡില്‍ നിന്നുള്ള താരചിത്രങ്ങളുടെ വിതരണാവകാശത്തിനായി കുറച്ചുകാലമായി കിടമത്സരം തന്നെയുണ്ട്. വന്‍ തുകകള്‍ക്കാണ് പല ബിഗ് ബജറ്റ് ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിനായി എടുക്കപ്പെടുന്നത്. എന്നാല്‍ ഇത്രകാലവുമുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ തുക കേരള റൈറ്റ്സ് ഇനത്തില്‍ വാങ്ങിയെടുത്തത് ഒരു തെലുങ്ക് ചിത്രമായിരുന്നു. സാക്ഷാല്‍ ബാഹുബലി 2. എന്നാല്‍ അതിനേക്കാള്‍ വലിയ തുക ഒരു ബിഗ് ബജറ്റ് തമിഴ് താരചിത്രത്തിന് കേരള റൈറ്റ്സ് ഇനത്തില്‍ ലഭിച്ചിരിക്കുകയാണ്. ഷങ്കറിന്‍റെ രജനീകാന്ത് ചിത്രം 2.0യ്ക്കാണ് കേരളത്തില്‍ റെക്കോര്‍ഡ് തുക ലഭിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് പ്രചരിച്ചത് ചിത്രത്തിന്‍റെ കേരള റൈറ്റ്സ് 14.5 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്നാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ നിര്‍മ്മാതാക്കളായ മുളകുപാടം ഫിലിംസ് ആണ് വിതരണാവകാശം വാങ്ങിയത് എന്നും. തന്‍റെ കമ്പനി 2.0യുടെ കേരള റൈറ്റ്സ് വാങ്ങി എന്നത് ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടെന്നും മുളകുപാടം ഫിലിംസിന്‍റെ സാരഥിയായ ടോമിച്ചന്‍ മുളകുപാടം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.

mulakuppadam films reveals 2.0 kerala rights

"ഇന്നാണ് ഇതുസംബന്ധിച്ച് എഗ്രിമെന്‍റ് ആയത്. 14.5 കോടി ഒന്നുമല്ല, അതിനേക്കാള്‍ മുകളിലാണ് കൊടുത്തിരിക്കുന്നത്. 15 കോടിക്ക് മുകളിലാണ് കൊടുത്തിരിക്കുന്നത്." ഇതുവരെ ഒരു മറുഭാഷാ സിനിമയ്ക്കും ലഭിക്കാത്ത തുക എന്തുകൊണ്ട് മുടക്കി എന്ന ചോദ്യത്തിന് ടോമിച്ചന്‍റെ പ്രതികരണം ഇങ്ങനെ.. "600 കോടി മുതല്‍മുടക്കുള്ള പടമല്ലേ? എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ സിനിമയില്‍? നമ്മള്‍ സിനിമ നിര്‍മ്മിക്കുന്ന ആളുകളല്ലേ?" കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് ആലോചിക്കുന്നതെന്നും 450 തീയേറ്ററുകളില്‍ ചിത്രം എത്തിക്കുമെന്നും പറയുന്നു ടോമിച്ചന്‍ മുളകുപാടം.

2010ല്‍ പുറത്തെത്തി വന്‍വിജയം നേടിയ എന്തിരന്റെ രണ്ടാംഭാഗമാണ് 2.0. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമാ ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തും. രജനിക്കൊപ്പം അക്ഷയ്കുമാര്‍, അമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡേ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios