മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളിലെ മലയാള സിനിമ സമരം തുടരുന്നു. വരുമാനം പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് മുപ്പതോളം മള്‍ട്ടിപ്ലക്‌സ് സ്ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല. കോടികളുടെ നഷ്‌ടമാണ് ഇതുമൂലം സിനിമ ലോകത്തിനുണ്ടാകുന്നത്.

തീയറ്റര്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദിവസം മുമ്പാണ്  മള്‍ട്ടിപ്ലസ് സ്ക്രീനില്‍ നിന്ന് വിതരണക്കാര്‍ മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ ബാഹുബലി, രാമന്‍റെ ഏദന്‍തോട്ടം എന്നീ ചിത്രങ്ങള്‍ സംസ്ഥാനത്തെ മുപ്പതോളം മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ നിന്ന് പുറത്തായി. ഗോദ, അച്ചായന്‍സ്, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ എത്തിയതുമില്ല. ഇതോടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്‌ടമാണ് മലയാള ചിത്രങ്ങള്‍ക്കുണ്ടായത്. നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനവും ഇടിഞ്ഞു.

കേരളത്തില്‍ നിന്നുള്ള തീയറ്റര്‍ വരുമാനത്തിന്‍റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് മള്‍ട്ടിപ്ലക്‌സുകളാണ്. പ്രശ്നം കേരളത്തില്‍ മാത്രമാണെങ്കിലും ഇവിടെ റിലീസ് ചെയ്യാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ മള്‍ട്ടിപ്ലക്‌സുകാര്‍ തയ്യാറാകുന്നില്ല. എ പ്ലസ് തീയറ്റര്‍ വിഹിതം പിന്‍വലിക്കാതെ മള്‍ട്ടിപ്ലക്‌സുകാര്‍ക്ക് മലയാള സിനിമ നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. പ്രശ്നം പരിഹരിക്കാനായി പിവിആര്‍ അടക്കമുള്ള മള്‍ട്ടിപ്ലക്‌സുകാരുമായി വിതരണക്കാര്‍ നടത്തുന്ന ചര്‍ച്ചകളിലാണ് ഇനി നിര്‍മാതാക്കളുടെ പ്രതീക്ഷ.