തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തീയറ്റര്‍ 'ഡി സിനിമാസ്' അടച്ചുപൂട്ടാൻ തീരുമാനിച്ചു. തീയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമേക്കേടുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി മുൻസിപ്പാലിറ്റിയാണ് ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുംവരെ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. നഗരസഭയുടെ ഇന്ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേനെ തീരുമാനമെടുത്തത്.

ഡി സിനിമാസിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയാണ് നടപടി. ലൈസന്‍സ് തുടര്‍ന്ന് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇന്നു തന്നെ ഇത് സംബന്ധിച്ച നോട്ടീസ് ഡി സിനിമാസിന് കൈമാറും.