വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് പരമ്പരയിലെ തുടർ തോൽവികൾ വിട്ടൊഴിയാതെ പാക്കിസ്ഥാൻ. ഏകദിന പരമ്പര 5-0ന് തോറ്റതിന് പിന്നാലെ നടന്ന ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാൻ തോറ്റു. ഏഴ് വിക്കറ്റിന്‍റെ അനായാസ ജയമാണ് മത്സരത്തിൽ കിവീസ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.4 ഓവറിൽ 105 റണ്‍സിന് ഓൾഒൗട്ടായി. 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് വിജയലക്ഷ്യം മറികടന്നു. 49 റണ്‍സോടെ പുറത്താകാതെ നിന്ന കോളിൻ മണ്‍റോയാണ് കിവീസ് ജയം അനായാസമാക്കിയത്. റോസ് ടെയ്‌ലർ 22 റണ്‍സുമായി മണ്‍റോയ്ക്ക് കൂട്ടായി നിന്നു. മണ്‍റോയാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി ബാബർ അസം (41) മാത്രമാണ് പൊരുതിയത്. കിവീസിന് വേണ്ടി സെത്ത് റാൻസും ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.