ശബരിമലയിലെ യുവതീപ്രവേശനത്തെച്ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളിലേക്ക് കേരളത്തിലെ തെരുവുകളെ എത്തിച്ച രാഷ്ട്രീയ നേതൃത്വങ്ങളെ പരിഹസിച്ച് മുരളി ഗോപി. തെലുങ്ക് താരം ബാലയ്യയുടെ സിനിമയില്‍ നിന്നുള്ള ഒന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്‌ക്കൊപ്പമാണ് മുരളി ഗോപിയുടെ പരിഹാസം. 'കേരളത്തില്‍ ഇപ്പോള്‍ തമ്മിലടിക്കുന്ന രണ്ട് പക്ഷങ്ങളും ഒരേ സ്വരത്തില്‍, അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ഇതാണ്' എന്ന വാചകത്തിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുരളി ഗോപി തിരക്കഥകളിലെ രാഷ്ട്രീയ ഉള്ളടക്കത്തെ എതിര്‍ത്തും അനുകൂലിച്ചും മുന്‍പ് വായനകള്‍ ഉണ്ടായിട്ടുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയായിരുന്നു അത്തരത്തില്‍ ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ ഒന്ന്. ചിത്രത്തില്‍ ഇടത് വിരുദ്ധതയുണ്ടെന്ന വായനയെ മുരളി ഗോപി പല അഭിമുഖങ്ങളിലും തള്ളിക്കളഞ്ഞിരുന്നു. റിലീസിംഗ് സമയത്ത് വടക്കന്‍ കേരളത്തിലെ ചില തീയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കേണ്ടതായും വന്നിരുന്നു. രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളിലെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ മുരളി ഗോപി പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.