ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍റെ കൂടെയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ നസ്രിയ പറയുന്നു

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ കൗതുകത്തോടെ വീക്ഷിച്ച വിവാഹമായിരുന്നു ഫഹദിന്‍റെയും നസ്രിയയുടെയും. ഗോസിപ്പുകള്‍ക്കൊക്കെ വഴിയൊരുക്കുംമുന്‍പ് ഫാസില്‍ തന്നെയാണ് ആ വിവരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം അഭിനയം തുടരുമോ എന്ന ചോദ്യമാണ് നസ്രിയയ്ക്ക് മുന്നില്‍ കൂടുതല്‍ ഉയര്‍ന്നത്. മിക്കവാറും അഭിനേത്രികളെപ്പോലെ വിവാഹശേഷം അഭിനയം നിര്‍ത്താനുള്ള ആലോചന തനിക്കില്ലെന്ന് നസ്രിയ അന്നേ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍റെ കൂടെയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നസ്രിയ. ഇതിനിടെ മഹേഷിന്‍റെ പ്രതികാരം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ഫഹദ് കൂടുതല്‍ ജനപ്രീതി നേടുകയും ചെയ്തു. എന്നാല്‍ ഇരുവരും സ്വന്തം കരിയറിനെക്കുറിച്ച് പരസ്പരം സംസാരിക്കാറും ഉപദേശം തേടാറുമുണ്ടോ? സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഫഹദിനോടുള്ള തന്‍റെ ഉപദേശം എന്താണെന്ന് പറയുന്നു നസ്രിയ.

"ഫഹദ് സ്വന്തം പ്രോജക്ടുകളെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. എനിക്ക് ചെയ്യാനെത്തുന്ന പ്രോജക്ടുകളെക്കുറിച്ച് ഞാനും ചര്‍ച്ച ചെയ്യും. ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ വ്യത്യസ്തങ്ങളാണ്. ഒരു പ്രോജക്ട് എന്‍റെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഞാനെന്ന പ്രേക്ഷകയെയാണ് ഫഹദ് മുന്നില്‍ കാണുന്നതെന്ന് തോന്നുന്നു. ഒരു കാണി എന്ന നിലയില്‍ എനിക്ക് ആ സിനിമ ഇഷ്ടപ്പെടുമോ എന്നും. സിനിമയെക്കുറിച്ചുള്ള ചില സൂചനകളും ചില ഭാഗങ്ങളുമൊക്കെയാവും എന്‍റെ മുന്നില്‍ അവതരിപ്പിക്കുക." ഒരു പ്രോജക്ട് തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ഫഹദിനോടുള്ള തന്‍റെ ഉപദേശം ഇപ്രകാരമായിരിക്കുമെന്നും പറയുന്നു നസ്രിയ.

"സിനിമ വലുതോ ചെറുതോ എന്നതൊന്നുമല്ല ആത്യന്തികമായ ചോദ്യം. ഒരു പ്രോജക്ടില്‍ വിശ്വാസം തോന്നുന്നപക്ഷം അത് സ്വീകരിച്ച് മുന്നോട്ടുപോവുക. ഒരു സിനിമ ചെയ്തതില്‍ ഒരിക്കലും കുറ്റബോധം തോന്നേണ്ട കാര്യമില്ല. ചിലപ്പോഴൊക്കെ പാളിച്ചകളുണ്ടാവാം. എന്നാല്‍ അതത്ര പ്രശ്നമുള്ള കാര്യമല്ല", നസ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറ‍ഞ്ഞവസാനിപ്പിക്കുന്നു.