തല്‍ക്കാലം ബോളിവുഡിലേക്ക് ഇല്ലെന്നും മെഡിസിന്‍ പഠനം തുടരാനാണ് താല്‍പര്യമെന്നും വ്യക്തമാക്കിയ ലോക സുന്ദരി മാനുഷി ചില്ലര്‍ക്ക് എന്നാല്‍ ഓരു ബോളിവുഡ് താരത്തിനൊപ്പം അഭിനയിക്കണമെന്നാണ് മോഹം. ബോളിവുഡില്‍ അഭിനയിക്കുന്നുവെങ്കില്‍ അത് ഈ താരത്തിനൊപ്പമായിരിക്കുമെന്നും മാനുഷി പറഞ്ഞു കഴിഞ്ഞു. 

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‌ഫെക്ട് ആമിര്‍ ഖാനമൊപ്പം അഭിനയിക്കുന്നതാണ് തന്റെ സ്വപ്‌നം. എന്നെങ്കിലും സിനിമാ രംഗത്ത് എത്തുന്നുവെങ്കില്‍ അത് ആദ്ദേഹത്തിനൊപ്പമായിരിക്കണമെന്നാണ് ആഗ്രഹമെന്നും മാനുഷി. ആമിര്‍ ഖാന് സിനിമകള്‍ വെറും വിനോദം മാത്രമല്ല, സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് അദ്ദേഹം സിനിമകളിലൂടെ മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് തനിയ്ക്ക് സംതൃപ്തി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മാനുഷി പറഞ്ഞു. 

പ്രിയങ്ക ചോപ്രയാണ് മാനുഷിയുടെ ഇഷ്ട നടി. അതികം സിനിമകള്‍ കാണാറില്ല, പുസ്തകങ്ങളോടാണ് മാനുഷിയ്ക്ക് പ്രിയം. ആത്മവിശ്വാസമാണ് സ്ത്രീയുടെ കരുത്തെന്നും സ്ത്രീ സൗഹൃദമല്ല നമ്മുടെ സമൂഹമെന്നും ദീപികാ പദുകോണിന് നേരെ ഉയരുന്ന ഭീഷണികളെ കുറിച്ചുള്ള ചോദ്യത്തിന് മാനുഷി മറുപടി നല്‍കി. 

ഡോക്ടര്‍ ആകുകയെന്നതാണ് ലക്ഷ്യം. അതുവരെ ബോളിവുഡിനെ കുറിച്ച് ആലോചിക്കുന്നില്ല. എന്നാല്‍ ഒരു ഡോക്ടറാകാന്‍ നന്നായി അഭിയനിക്കാനറിയണമെന്നാണ് തന്റെ പിതാവ് പറഞ്ഞിട്ടുള്ളത്. കാരണം ഏത് പ്രതിസന്ധി ഘട്ടത്തിലും രോഗികള്‍ക്ക് മുന്നില്‍ ശാന്തമായി നില്‍ക്കാനാകണം. അത് ഒരുരം അഭിനയം തന്നെയാണ്, മാനുഷി പറയുന്നു.

ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി റീത ഫാരിയയാണ് മാനുഷിയുടെ റോള്‍ മോഡല്‍. ബോളിവുഡ് വേണ്ടെന്ന് പ്രഖ്യാപിച്ച് പഠനം തെരഞ്ഞെടുക്കുകയായിരുന്നു റീത്ത. റീത്തയെ കാണുകയെന്നതും മാനുഷിയുടെ ആഗ്രഹങ്ങളിലൊന്നാണ്.

courtesy : ഡെക്കാന്‍ ക്രോണിക്ള്‍