സിനിമാ ഗാനത്തെ വെല്ലുന്ന രീതിയില്‍ ആല്‍ബമൊരുക്കി നവാഗതനായ ലിജോ അഗസ്റ്റിന്‍ ശ്രദ്ധേയനാകുന്നു. മൈ ഡ്രീം എന്ന പേരിലുള്ള ആല്‍ബത്തില്‍ ആറു ഗാനങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ട് ഗാനങ്ങള്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ ആഴ്ചയ്‍ക്കുള്ളില്‍ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരാണ് പ്രേ ഫോര്‍ അസ് എന്ന ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഈലില്ലി മാജിക്ക് മീഡിയയും സത്യം ഓഡിയോസും ചേര്‍ന്നാണ് പുതുവര്‍ഷത്തില്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

മൈ ഡ്രീമിലെ രണ്ടാമത്തെ ഗാനമായ പൊന്നാതിര ഒരു ദിവസം കൊണ്ടുതന്നെ നാല് ലക്ഷം പേര്‍ കണ്ട് മറ്റൊരു റെക്കോര്‍ഡും തീര്‍ത്തിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ആണ് ആല്‍ബം സീരീസ് പുറത്തിറങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വെറുമൊരു ആല്‍ബം ഗാനം എന്നതിലുപരി സിനിമപോലെ ഓരോ ആല്‍ബത്തിലും ഒരോ കഥയാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഓരോ ഗാനവും ഒരു കൊച്ചുസിനിമപോലെ തന്നെ ക്വാളിറ്റിയിലും കലാമികവുകൊണ്ടും മനോഹരമായ ദൃശ്യമികവുകൊണ്ടും മികച്ചു നില്‍ക്കുന്നു. ആരാധന, ഡിസംബര്‍ 21, ഹൊസാന തുടങ്ങിയവയാണ് ഉടന്‍ പുറത്തിറങ്ങുന്ന മറ്റു ഗാനങ്ങള്‍. എല്ലാംതന്നെ അതിന്‍റെ കഥയിലും ലൊക്കേഷനിലും വ്യത്യസ്തതയും മികവും പുലര്‍ത്തുന്നത് തന്നെയാണ്.

സിനിമാഗാനങ്ങളെ വെല്ലുന്ന ഗാനങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും ലിജോ അഗസ്റ്റിന്‍ തന്നെയാണ്. കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഛായഗ്രാഹകന്‍ പ്രവീണ്‍ ചക്രപാണിയാണ് മൈ ഡ്രീംമിനും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാകേഷ് കിഷോര്‍ ആണ് സംഗീതസംവിധായകന്‍‌.

ഒരു മികച്ച മലയാള സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയും സ്വീകാര്യതയും ആല്‍ബത്തിനും നല്‍കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.