കമലാ ദാസിന്റെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമിയാണ് മലയാള സിനിമാ മേഖലയില്‍ കുറച്ചുനാളായുള്ള ചര്‍ച്ച. എന്നാല്‍ മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി മറ്റൊരു സിനിമ കൂടി ഒരുങ്ങുകയാണ്. സാമൂഹ്യപ്രവര്‍ത്തകയും സംവിധായികയുമായ ലീന മണിമേഖലയാണ് കമലാ ദാസിന്റെ ജീവിതത്തെ കുറിച്ച് സിനിമയൊരുക്കാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കമലാ ദാസിന്റെ പുസ്തകങ്ങള്‍ അടുത്തറിഞ്ഞപ്പോള്‍ മുതല്‍ അവരെ കുറിച്ച് ഒരു സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ലീന മണിമേഖല പറഞ്ഞു. മാധവിക്കുട്ടിയെ കുറിച്ചുള ലൗവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകം വായിച്ചതാണ് സിനിമയെടുക്കാന്‍ കൂടുതല്‍ പ്രചോദനമായത്. അവരുടെ ജീവിതത്തിന്റെ ഒരു സത്ത മനസ്സിലാക്കിത്തന്നത് ആ പുസ്തകമാണ്. കമലാദാസിന്റെ ജീവിതത്തെ സത്യസന്ധമായി സമീപിക്കാനാണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ഇംഗ്ലീഷിലായിരിക്കും ചിത്രീകരിക്കുക- ലീന മണിമേഖല പറയുന്നു.

നേരത്തെ സംവിധായകന്‍ കമലിനോട് കമലാ ദാസിനെ കുറിച്ചുള്ള സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ലീന മണിമേഖല പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമല്‍ എന്നോട് അക്കാര്യം പറഞ്ഞത്, മാധവിക്കുട്ടിയെ കുറിച്ച് സിനിമ എടുക്കുന്ന കാര്യം. ലീനയെക്കാണാന്‍ കമലാ ദാസിനെപ്പോലെയുണ്ട്. ലീന കമലാ ദാസായി അഭിനയിക്കണം എന്നും പറഞ്ഞു. എന്റെ പരിഭാഷക സുഹൃത്ത് രവിയുമായി ചേര്‍ന്ന് കമലാ ദാസിന്റെ ജീവിതത്തെ കുറിച്ച് ഒരു സ്‌ക്രിപ്റ്റ് ഇതിനകം തയ്യാറാക്കിയെന്നും ഇംഗ്ലീഷില്‍ ആ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും കമലിനോട് അപ്പോള്‍ തന്നെ പറഞ്ഞു. ആ സ്‌ക്രിപ്റ്റിന്റെ കോപ്പി കമലിന് അയച്ചു കൊടുക്കുകയും ചെയ്തു. ഞാന്‍ സ്വതന്ത്രമായ രീതിയില്‍ സിനിമയെടുക്കുന്ന ആളാണ്. വാണിജ്യസിനിമ മേഖലയിലുള്ള ആളല്ല. എന്റെ സ്ക്രിപ്റ്റ് മലയാളി പ്രേക്ഷകര്‍ക്ക് യോജിക്കുന്നതല്ലെന്നായിരുന്നു കമല്‍ പറഞ്ഞത്. കമല്‍, അദ്ദേഹത്തിന്റെ സ്ക്രിപ്റ്റിന്റെ ഭാഗങ്ങള്‍ എനിക്കും അയച്ചുതന്നു. എന്നോട് മലയാള ഭാഷ പഠിക്കാനും പറഞ്ഞു. പിന്നീട് കുറച്ചു മാസങ്ങള്‍ക്കു ശേഷം വിളിച്ചപ്പോഴാണ് ആ സിനിമ ബിഗ് ബജറ്റ് ചിത്രമായതായി അറിയുന്നത്. വിദ്യാ ബാലന്‍ അഭിനയിക്കാന്‍ തയ്യാറായെന്നും കമല്‍ പറഞ്ഞു. എന്റെ ഇംഗ്ലീഷ് സ്ക്രിപ്റ്റ് ഒത്തുതീര്‍പ്പുകളൊന്നുമില്ലാതെ പിന്നീട് ഒന്നിച്ച് ചെയ്യാമെന്നും കമല്‍ പറഞ്ഞു. എന്നാല്‍ ഐഎഫ്എഫ്കെയില്‍ പോയപ്പോഴാണ്, വിദ്യാ ബാലന്‍ ആ പ്രൊജക്റ്റില്‍ നിന്ന് പിന്‍മാറിയ കാര്യം അറിഞ്ഞത്. കമലിനെതിരെയുള്ള ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ കുറിച്ചും മറ്റും അറിഞ്ഞത്. അതില്‍ നിന്നൊക്കെ അദ്ദേഹം മുക്തനാകട്ടെ എന്നാണ് അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ മഞ്ജു വാര്യര്‍ ആമിയായി അഭിനയിക്കുന്നുവെന്ന് പിന്നീട് വെബ്സൈറ്റില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഒരു നായികയെ തീരുമാനിക്കാന്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ ന്യായങ്ങള്‍ ഉണ്ടാകും. പക്ഷേ ഇവിടെ അത് വിപണിക്കനുസരിച്ചുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു സിനിമയ്ക്ക് എങ്ങനെയാണ് കമലാ ദാസിന്റെ ജീവിതത്തോട് നീതി പുലര്‍ത്താനാവുക. മാത്രവുമല്ല കമലിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിദ്യാ ബാലന്‍ പിന്‍മാറിയപ്പോള്‍ എന്നോടു സംസാരിക്കേണ്ടതായിരുന്നില്ലേ? കമലിന് കമലിന്റേതായ കാരണങ്ങളുണ്ടാകും. പക്ഷേ പിന്നീട് ഞാന്‍ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു. ഒരു കവയത്രിയുടെ സ്വത്വത്തേക്കാളും വിപണിയിലെ ആവശ്യമായിരിക്കും താങ്കള്‍ക്ക് പ്രധാനം. അതുകൊണ്ട് ഞാന്‍ സ്വന്തമായി സിനിമ എടുക്കുന്നു. സഹകരണത്തില്‍ താല്‍പര്യമില്ലെന്നും- ലീന മണിമേഖല പറഞ്ഞു. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുള്ളതായിരിക്കില്ല തന്റെ സിനിമയെന്നും ലീന മണിമേഖല പറയുന്നു.