കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസ് ആദ്യമായി അഭിനയിച്ച 'ഹു'(WHO) എന്ന ചിത്രത്തിന്‍റെ ത്രില്ലിങ് ടീസര്‍ പുറത്തിറങ്ങി. ഒരു ക്രിസ്മസ് രാത്രിയില്‍ നടക്കുന്ന ചില നിഗൂഢ സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്. കേരളത്തിലും ഉത്തരാഖണ്ഡിലുമായിട്ടാണ് ചിത്രീകരിച്ചത്. അജയ് ദേവലോകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളാണ് ഒരേ സമയം ചിത്രത്തില്‍ ഉപയോഗിക്കുന്നത്. 

രണ്ട് ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ രണ്ടാം ഭാഗമാണ് സംവിധായകന്‍ ആദ്യമായി സിനിമയിലൂടെ പറയുന്നത്. ചിത്രത്തിന്‍റെ ഒന്നാം ഭാഗം 'ഇസബെല്ലാ' പിന്നീടായിരിക്കും പ്രേക്ഷകരിലേക്ക് എത്തിക്കുക. ചിത്രത്തിന്‍റെ ആദ്യഭാഗത്ത് പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്ന ചോദ്യങ്ങളും അതിനുള്ളില്‍ അടങ്ങിയിരിക്കുന്ന രഹസ്യങ്ങളും ആദ്യം അറിയുകയും പിന്നീട് അതിലേക്ക് നയിച്ച സംഭവങ്ങളും ആണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 

 ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, രാജീവ് പിള്ള, പേളി മാണി, ശ്രീകാന്ത് മേനോന്‍, സജിന്‍ സലീം, ശങ്കര്‍ നായര്‍,തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. കോറിഡോര്‍ 6 ഫിലിംസിന്റെ ബാനറിലാണ് തിയേറ്ററുകളില്‍ എത്തുക.