കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേക്ക് കോടികളെത്തിയെന്ന ആരോപണത്തില്‍ പൊട്ടിത്തെറിച്ച് നമിത പ്രമോദ്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ബിനാമി അക്കൗണ്ടില്‍ നിന്ന് പണമെത്തിയെന്നും നടിയെ ഉടന്‍ ചോദ്യം ചെയുമെന്നുമായിരുന്നു വാര്‍ത്തകള്‍.
പോലീസിന്‍റെ അന്വേഷണ പരിധിയില്‍ വരുന്ന അക്കൗണ്ടുകളൊന്നും തനിക്കില്ലെന്നും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇരയുടെ മനോവിഷമമറിയണമെന്നും നമിത പ്രമോദ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. കേസില്‍ പരാമര്‍ശിക്കപ്പെടുന്ന യുവ നടി നമിത പ്രമോദാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു.
നമിതാ പ്രമോദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.
