മോദിയുടെ 'അപരന്‍' ഇനി സിനിമാ നടന്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരനായി ശ്രദ്ധേയനായ പയ്യന്നൂർ സ്വദേശി രാമചന്ദ്രൻ അഭിനേതാവുന്നു. കന്നഡ ചിത്രമായ സ്റ്റേറ്റ്മെന്റിൽ മോദിയായിത്തന്നെയാണ് രാമചന്ദ്രൻ എത്തുന്നത്. കഴിഞ്ഞ വർഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയ ഒരു ചിത്രമാണ് രാമചന്ദ്രനെ വേറെ ലെവലാക്കിയത്. അതിപ്പോൾ സിനിമ അഭിനയം വരെ നീളുന്നു. പയ്യന്നൂരിലെ മോദി നവമാധ്യമങ്ങളിൽ തരംഗമായി. ദേശീയമാധ്യമങ്ങളിൽ വാർത്തായായി. പ്രധാനമന്ത്രി തന്നെ ചിത്രത്തോട് പ്രതികരിച്ചു.എവിടെച്ചെന്നാലും പടമെടുക്കാനാളെത്തി. ഇതൊക്കെ ശല്യമായപ്പോൾ രാമചന്ദ്രൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
എന്നാൽ താടിവടിക്കും മുന്നേ സിനിമയിൽ നിന്ന് വിളിയെത്തി. കന്നഡ സംവിധായകൻ അപ്പി പ്രസാദ് സ്റ്റേറ്റ്മെന്റ് എന്ന ചിത്രത്തിലേക്ക് വിളിച്ചു. മോദിയായിത്തന്നെ അഭിനയിക്കണം. അങ്ങനെ മോദി വേഷം തുടരാൻ രാമചന്ദ്രൻ തീരുമാനിച്ചു. സിനിമ റിലീസിന് ഒരുങ്ങുകയാണ്. നോട്ട് നിരോധനകാലത്തെ കഥയാണ് ചിത്രം പറയുന്നത്. പ്രധാനമന്ത്രിയായി മുഴുനീള വേഷമാണ് രാമചന്ദ്രന്. ബെംഗളൂരുവിലും കുടകിലുമായി ചിത്രീകരിച്ച സിനിമ മെയ് മാസമാണ് തിയറ്ററുകളിലെത്തുക.
