നാട്ട്യങ്ങളില്ലാതെ അഭിനയത്തെ നെഞ്ചോടു ചേര്‍ത്തുവച്ച നടന്‍. എഴുത്തും നാടകവും അഭിനയവും ഒത്തുചേര്‍ന്ന പ്രതിഭ. നാടക രംഗത്തുനിന്ന് മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് പറിച്ചുനട്ട അനുഗ്രഹീത നടന്‍. അനുജനായും ജേഷ്ഠനായും അച്ഛനായും മുത്തച്ഛനായും നായക കഥാപാത്രത്തെ അതിജീവിക്കാന്‍ വില്ലനായുമൊക്കെ കെട്ടിയാടിയ നിരവധി വേഷങ്ങള്‍. ഒരു നടന്റെ ഓര്‍മ്മപ്പെടുത്തലിനെക്കാള്‍ നരേന്ദ്ര പ്രസാദ് ഓര്‍മ്മിപ്പിക്കുന്നത് മലയാളത്തിന് നഷ്ടമായ സാഹിത്യ നിരൂപകനെയാണ്. എഴുത്തുകാരനായും അധ്യാപകനായും നടനായും നിറഞ്ഞാടിയ ആ പ്രതിഭയെ വാക്കുകളില്‍ വര്‍ണിക്കുക അസാധ്യം.

ആലപ്പുഴയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അധ്യാപനം, സാഹിത്യം, നാടകം എന്നിവയുടെ സമ്പന്നമായ ഭൂതകാലം. പിന്നീട് സിനിമയിലേക്ക്. അസ്ഥികള്‍ പൂക്കുന്നു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. അനായാസമായ അഭിനയ ശൈലിയുടെ അനന്തമായ സാധ്യതകള്‍ നരേന്ദ്ര പ്രസാദ് വെളളിത്തിരയില്‍ കാണിച്ചുതന്നു. സ്വഭാവ നടനായിരുന്നെങ്കിലും വില്ലന്‍ വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഭാഗ്യവാന്‍, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്നീ ചിത്രങ്ങളിലെ രാഷ്ട്രീയക്കാരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാണ് ജനങ്ങളെ നോക്കി കാണേണ്ടതെന്നാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. സിന്ദൂരരേഖയില്‍ പിശുക്കനായ അച്ഛനായെത്തുമ്പോള്‍ ജയരാജന്റെ പൈത്യകത്തില്‍ വാത്സല്യ നിധിയായ അച്ഛനെയാണ് അദ്ദേഹം അനശ്വരനാക്കിയത്.

തലസ്ഥാനം ഏകലവ്യന്‍, മേലേപറമ്പില്‍ ആണ്‍വീട്, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങി, നരേന്ദ്ര പ്രസാദ് അനശ്വരമാക്കിയ ചിത്രങ്ങള്‍ നിരവധി. മലയാള സാഹിത്യത്തിലെ ആധുനിക നിരൂപകരില്‍ പ്രമുഖനുമായിരുന്നു നരേന്ദ്രപ്രസാദ്. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, അരങ്ങും പൊരുളും, ആധുനികതയുടെ മദ്ധ്യാഹ്നം തുടങ്ങിയവയായിരുന്നു പ്രധാന കൃതികള്‍. നാട്യഗൃഹമെന്ന നാടക സംഘത്തിനും നരേന്ദ്രപ്രസാദ് തുടക്കമിട്ടു. നിരവധി നാടകങ്ങളുടെ സ്രഷ്ടാവായ അദ്ദേഹം അരങ്ങിലും തിളങ്ങി. അക്ഷര ലോകത്തിനും സിനിമാ ലോകത്തിനും തീരാനഷ്ടമാണ് നരേന്ദ്രപ്രസാദിന്റെ വിടവാങ്ങല്‍ ഉണ്ടാക്കിയത്.