ദേശീയ അവാർ‍ഡ് തിളക്കത്തിൽ സിൻജാർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് സിനിമ ജൂലൈയിൽ തീയറ്ററുകളിൽ
ദേശീയ പുരസ്കാരവേദിയിൽ ഇരട്ടനേട്ടം കൊയ്ത സന്ദീപ് പാമ്പള്ളി ചിത്രം സിൻജാറിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകരായ രഞ്ജി പണിക്കർ, പ്രഭു സോളമൻ, നടി ലക്ഷ്മി മേനോൻ എന്നിവർ ചേർന്നാണ് ട്രെയിലർ പ്രകാശിപ്പിച്ചത്. സിനിമ ജൂലൈയിൽ തീയറ്ററുകളിലെത്തും.
ഇറാഖ് നഗരമായ സിൻജാറിലെ ഐഎസ് ഭീകരരുടെ തടവിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പെൺകുട്ടികളുടെ കഥയാണ് 'സിൻജാർ' സിനിമ പറയുന്നത്. കന്നിചിത്രത്തിലൂടെ കോഴിക്കോട്ടുകാരൻ സന്ദിപ് പാമ്പള്ളി സ്വന്തമാക്കിയത് മികച്ച നവാഗതസംവിധായകൻ ഉൾപ്പെടെയുള്ള രണ്ട് ദേശീയ അവാർഡുകൾ. അവാർഡ് തിളക്കം മായും മുൻപെ ചിത്രത്തിന്റെ ട്രെയിലർ പ്രേഷകർക്ക് സമ്മാനിക്കുകയാണ് അണിയറക്കാർ.
ലിപി ഇല്ലാത്ത ജസരി ഭാഷയിൽ നിർമ്മിച്ച ആദ്യ ചിത്രമാണ് സിൻജാർ .ലക്ഷദ്വീപിൽ നിന്നുള്ള മികച്ച ചിത്രവും സിൻജാർ ആയിരുന്നു. പൂർണായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയിൽ ശ്രിൻഡ, മൈഥിലി, മുസ്തഫ എന്നിവരാണ് താരങ്ങൾ. നടി ലക്ഷ്മി മേനോൻ ആദ്യമായി പിന്നണി ഗായികയായും എത്തുന്നു. ജൂലൈ പകുതിയോടെ ചിത്രം തീയേറ്ററുകളിലെത്തും.
