ഫോഗട്ട് സഹോദരിമാരുടെയും അച്ഛന്റെയും കഥയിലൂടെ ഗുസ്തി ആവേശം വെള്ളിത്തിരയിലെത്തിച്ച ദംഗല്‍, സ്ത്രീകള്‍ക്ക് സമൂഹം നല്‍കേണ്ട മാന്യതയെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പിങ്കും പാര്‍ച്ച്ഡും. ഗള്‍ഫ് യുദ്ധത്തിന്റെ കഥ പറഞ്ഞ എയര്‍ലിഫ്റ്റ്. സ്വവര്‍ഗാനുരാഗിയായ അധ്യാപകന്റെ യഥാര്‍ത്ഥ ജീവിതകഥ അവതരിപ്പിച്ച അലിഗഢ്, ഒപ്പം നീര്‍ജയും ധോണിയും ഉഡ്താ പഞ്ചാബും- ഈ ചിത്രങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്ന ചിത്രങ്ങളില്‍ മുന്‍നിരയിലുളളത്.
മലയാളത്തിന്റെ പ്രതീക്ഷകളായി മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍, ഒറ്റയാള്‍ പാത, കാംബോജി എന്നിവയുമുണ്ട്. തമിഴില്‍ നിന്ന് സമുദ്രക്കനിയുടെ അപ്പ അടക്കമുള്ള ചിത്രങ്ങള്‍. 2016ല്‍ എല്ലാ ഭാഷകളിലും കണ്ടത് പുത്തന്‍ പരീക്ഷണങ്ങളും ശക്തമായ പ്രമേയങ്ങളും. അതുകൊണ്ടുതന്നെ പ്രവചനാതീതമാണ് അറുപത്തിനാലാമത് ദേശീയ അവാര്‍ഡുകള്‍. കഴിഞ്ഞ തവണ ഫീച്ചര്‍ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും പുരസ്‌കാരങ്ങള്‍ ആണ് മലയാളത്തിന് കിട്ടിയത്. ബോളിവുഡിന്റെ ആധിപത്യം ആയിരുന്നു പോയ വര്‍ഷം കണ്ടതെങ്കില്‍, ഇത്തവണ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയുടെ വിലയിരുത്തല്‍ എങ്ങനെയാകും എന്നാണ് ആകാംക്ഷ.
