നവരാത്രിയോടനുബന്ധിച്ച് പ്രധാന ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നു. ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1' ഒക്ടോബർ രണ്ടിനും ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്ഡലി കടൈ' ഒക്ടോബർ ഒന്നിനും റിലീസ് ചെയ്യും.

നവരാത്രിയെ വരവേൽക്കാൻ തിയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. മികച്ച ചിത്രങ്ങളാണ് ഇത്തവണ നവരാതി പ്രമാണിച്ച് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട ചിത്രങ്ങളാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന 'കാന്താര ചാപ്റ്റർ 1', ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ഇഡ്‍ലി കടൈ എന്നിവ. ഒക്ടോബർ രണ്ടിനാണ് കാന്താരയുടെ ആഗോള റിലീസ്. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇഡ്‍ലി കടൈ. ഒക്ടോബർ 1 നാണ് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഞെട്ടിക്കുമോ കാന്താര?

ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാം ഭാഗവുമായി ടീം കാന്താര എത്തുമ്പോൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്.കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ ദൃശ്യമാണ്. ദൃശ്യാവിഷ്കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകമനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.

കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്.മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം ഒക്ടോബർ 2 ന് തിയേറ്ററിൽ എത്തുന്നത്.

സംവിധായകനായി വീണ്ടും ധനുഷ്

ധനുഷിന്റെ സംവിധാന ജീവിതത്തിലെ നാലാം ചിത്രമായാണ് ഇഡ്‍ലി കടൈ എത്തുന്നത്. പ പാണ്ടി, രായന്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളായിരുന്നു മുൻപ് ധനുഷ് സംവിധാനം ചെയ്ത ചിത്രങ്ങൾ. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിത്യ മേനനെ കൂടാതെ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. ഒരു ഫാമിലി ഫീൽ ഗുഡ് സിനിമ തന്നെയായിരിക്കും ഇഡ്‍ലി കടൈ എന്നാണ് ഇതിനോടകം പുറത്തുവന്ന ട്രെയിലറിൽ നിന്നും വ്യക്തമാവുന്നത്. അതേസമയം കുബേരയായിരുന്നു ധനുഷ് നായകനായി എത്തിയ അവസാന ചിത്രം. നവരാത്രി റിലീസായി എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു.

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് പവൻ കല്യാണിന്റെ ഒജി

പവൻ കല്യാൺ നായകനായി എത്തിയ ഒജി വലിയ നേട്ടമാണ് തിയേറ്ററിൽ ഉണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ഓപ്പണിംഗില്‍ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നിന്ന് മാത്രമായി 200.85 കോടി നേടിയിരിക്കുകയാണ് ഒജി. ഇന്ത്യയില്‍ നിന്ന് മാത്രമായി 145.85 കോടി ഒജി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്‍തതോടെ ചിത്രം വൈകി. എന്തായാലും ഒജി റിലീസായിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ഒജിക്ക് ലഭിച്ചിരുന്നത്. ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‍മി നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു, പ്രിയങ്ക മോഹൻ നായികയായി എത്തിയിരിക്കുന്നു. രവി കെ ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ഇതില്‍ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായ' പവൻ കല്യാണിനും നായിക പ്രിയങ്കയ്ക്കും വില്ലൻ ഇമ്രാന്‍ ഹാഷ്‍മിക്കും പുറമേ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും അഭിനയിക്കുന്നുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രങ്ങളും ഈ നവരാതി കാലത്ത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക', വിനീത് ശ്രീനിവാസൻ ചിത്രം 'കരം', ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ വള, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്ത നീരജ് ഗായ്‌വാൻ ചിത്രം ഹോംബൗണ്ട്, ലിയോണാർഡോ ഡി കാപ്രിയോ പോൾതോമസ് ആൻഡേഴ്സൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്നീ ചിത്രങ്ങളും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.