മുംബൈ: ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖി തന്‍റെ ആത്മകഥ 'ആന്‍ ഓര്‍ഡിനറി ലൈഫ്' പിന്‍വലിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം പുസ്തകം പിന്‍വലിക്കുന്നതായി വെളിപ്പെടുത്തിയത്. തന്‍റെ പുസ്തകം മൂലം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ മാപ്പ് ചോദിക്കുന്നതായും സിദ്ദിഖി ട്വിറ്ററില്‍ കുറിച്ചു. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നിഹാരിക സിങ്ങുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സിദ്ദിഖി 'ആന്‍ ഓര്‍ഡിനറി ലൈഫില്‍' പറയുന്നുണ്ട്.
എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും സിദ്ദിഖി തന്‍റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് പുസ്തകത്തിലെ തന്നെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ താരം രംഗത്ത് എത്തിയിരുന്നു. സിദ്ദിഖിയുടെ അവകാശവാദങ്ങള്‍ പുസ്തകം വിറ്റ് പോകാനുള്ള നിലവാരമില്ലാത്ത നടപടിയെന്നാണ് നിഹാരിക സിങ് പറഞ്ഞത്. നിഹാരിക സിംഗിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മിഷന്‍ കേസ് എടുത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് ശേഷമാണ് സിദ്ദിഖി പുസ്തകം പിന്‍വലിക്കുന്നതായി വെളിപ്പെടുത്തിയത്.
