സിംഗപ്പൂര്‍: ഒടുവില്‍ ആ കാര്യത്തില്‍ സ്ഥിരീകരണം ആയെന്നാണ് കോളിവുഡിലെ വാര്‍ത്ത. നയന്‍സ് - വിഘ്‌നേഷ് പ്രണയത്തെക്കുറിച്ചാണ് ഇപ്പോഴത്തെ കൊടമ്പക്കം ചര്‍ച്ച. പ്രണയമെന്ന് ഗോസിപ്പ് പരന്നിട്ടും, അങ്ങനെ അല്ലെന്ന് ഇരുവരും നിഷേധിച്ചിരുന്നില്ല. എന്നാല്‍ സംഭവം സ്ഥിരീകരിച്ചത് സിംഗപ്പൂരിലാണ്.

കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന സൈമാ അവാര്‍ഡ്‌സിലും തീവ്രപ്രണയം വ്യക്തമാക്കുന്ന രീതിയിലായിരുന്നു നയന്‍സിന്‍റെയും വിഗ്നേശിന്‍റെയും പ്രകടനം. വിഗ്നേഷിനൊപ്പം സിംഗപ്പൂരിലെത്തിയ നയന്‍താര അവാര്‍ഡ് നിശയിലുടനീളം വിഗ്നേശിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ തനിക്ക് പുരസ്‌കാരം വിഗ്നേശില്‍ നിന്ന് സ്വീകരിക്കണമെന്നാണ് ആഗ്രഹമെന്ന് നയന്‍സ് അറിയിച്ചു. വേദിയില്‍ പുരസ്‌കാരദാനത്തിനെത്തിയവരോട് ക്ഷമാപണം നടത്തി വിഗ്നേശിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

നാനും ഒരു റൗഡി താന്‍ എന്ന നയന്‍സ് സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ഇവിടെ വിഘ്‌നേശിനായിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ കാട്ടിയ നല്ല മനസ്സിന് നയന്‍സിന് നന്ദി പറയാന്‍ വിഘ്‌നേഷ് മടിച്ചില്ല. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ അതുമായി പ്രണയത്തിലായ നയന്‍സിനോട് നന്ദി പറഞ്ഞാല്‍ തീരില്ലെന്നായിരുന്നു വിഘ്‌നേശ് പറഞ്ഞത്. 

പുരസ്‌ക്കാരം സ്വീകരിച്ച ശേഷം ഇരുവരും പരസ്പരം ആശ്‌ളേഷിക്കുകയും ചുംബിക്കുകയും ചെയ്തപ്പോള്‍ പ്രേക്ഷകര്‍ സന്തോഷം കൊണ്ട് ഇളകി മറിയുകയായിരുന്നു. ഇതിനെ പ്രണയമെന്ന് അല്ലെങ്കില്‍ പിന്നെ വേറെന്ത് വിളിക്കാനാണെന്നാണ് ഗോസിപ്പുകാര്‍ ചോദിക്കുന്നത്.