"എന്നാല്‍ ഇപ്പോള്‍ പൃഥ്വി എന്‍റെ സ്വന്തം സഹോദരനെ പോലെയാണ് "

വിവാഹം നല്‍കിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് 'കൂടെ'. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ 'കൂടെ'യില്‍ എത്തുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ടെന്‍ഷന്‍ ആയിരുന്നു എന്ന് നസ്രിയ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പൃഥ്വി എന്‍റെ സ്വന്തം സഹോദരനെ പോലെയാണ് എന്നും കൂട്ടിചേര്‍ത്തു. 

'ഷൂട്ടിന് വരുന്നതിന് മുമ്പേ ഞാന്‍ അഞ്ജലി ചേച്ചിയോട് എപ്പോഴും പറയുമായിരുന്നു, എങ്ങനെയാകുമോ എന്തോ?. കാരണം എനിക്ക് ഒരുപരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. അതിനാല്‍ എങ്ങനെയായിരിക്കും എന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. കൂടെ സിനിമയിൽ പൃഥ്വിരാജ് എന്റെ സഹോദരനായാണ് അഭിനയിക്കുന്നത്. കൂടാതെ സിനിമയിൽ ഞങ്ങൾ അത്ര ഇടപഴകിയാണ് അഭിനയിക്കുന്നത്. 

അതേസമയം, ബാംഗ്ലൂർ ഡെയ്സ് ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിരുന്നു. കാരണം അതിൽ അഭിനയിക്കുന്നവരെല്ലാം എനിക്ക് നേരത്തെ അറിയാവുന്നരായിരുന്നു. അവരോടൊപ്പം മുന്‍മ്പും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എനിക്ക് ഒരു പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന പോലെയായിരുന്നു. ഇക്കാര്യം ഞാന്‍ അഞ്ജലി ചേച്ചിയോട് പറഞ്ഞുകൊണ്ടേയിരുന്നു. 

അങ്ങനെ ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുളളവരെയും ചേര്‍ത്തൊരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഭയം മാറാനും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടാനുമാണ് ഈ ഗ്രൂപ്പ് എന്നും അഞ്ജലി ചേച്ചി മെസേജ് ചെയ്തു. ഇപ്പോള്‍ എനിക്ക് ശരിക്കുമൊരു സഹോദരനാണ് പൃഥ്വിരാജ്. അടുത്ത് പരിചയപെട്ടപ്പോള്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുൻപ് ഞാൻ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു നടന്‍ എന്നുമാത്രമാണ്. എന്നാല്‍ പൃഥ്വി വളരെ നിഷ്‌ക്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അതുതന്നെയാണ് കൂടെ സിനിമയിലെ ജോഷ്വ എന്ന കഥാപാത്രവും. '- നസ്രറിയ പറഞ്ഞു. 


അഞ്ജലി മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ജൂലൈ ആറിനാണ് പ്രദര്‍ശനത്തിനെത്തുക.