അഗാധമായ കൊക്കയില്‍ വീണുപോകാതെ മരണത്തിനും ജീവിതത്തിനുമിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ അതിജീവനം മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രം നീരാളിയുടെ റിവ്യൂ വായിക്കാം
അതിജീവനത്തെ പ്രമേയമാക്കിയ അപൂർവ്വം മലയാള ചിത്രങ്ങളിലേക്ക് ഒന്നു കൂടി... 35 വർഷങ്ങള്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോടികള് (മോഹന് ലാലും നദിയാ മെയ്തുവും) ഒന്നിക്കുന്ന ചിത്രം. ഇങ്ങനെയായിരുന്നു നീരാളി വരവ് അറിയിച്ചിരുന്നത്. രണ്ട് പതിറ്റാണ്ട് ബോളിവുഡില് എഡിറ്ററായിരുന്ന മലയാളി അജോയ് വര്മയുടെ മൂന്നാമത്തെ ചിത്രമാണ് 'നീരാളി'. 'ചിന്താവിഷ്ടയായ ശ്യാമള' യുടെ ഹിന്ദി പതിപ്പായ 'എസ്.ആര്.കെ' (2009), 'പൊന്മുട്ടയിടുന്ന താറാവ്' - ന്റെ ഹിന്ദി പതിപ്പായ 'ദസ് തോല' (2010) എന്നിവയാണ് മറ്റ് ചിത്രങ്ങള്. അജോയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. സാജു തോമസിന്റെതാണ് തിരക്കഥ.
ഭയവും അതിജീവനവുമാണ് സിനിമയുടെ പ്രമേയമെന്ന് ടീസറില് സൂചനകളുണ്ടായിരുന്നു. അഗാധമായ കൊക്കയില് വീണുപോകാതെ മരണത്തിനും ജീവിതത്തിനുമിടയില് കുടുങ്ങിക്കിടക്കുന്നവരുടെ അതിജീവനം. ജീവിത്തിലേക്ക് തിരിച്ചുവരാനായി ആഗ്രഹിക്കുന്ന വീരപ്പ, ജീവിതം മധുരതരമായി ആസ്വദിക്കുന്ന സണ്ണി. ഇരുവരുടെയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുള്ള പങ്കപ്പാടുകള്.

കുടിയേറ്റക്കാലത്ത് ആനകളെയും കാട്ടുപോത്തിനെയും വെടിവെച്ചിട്ട കരുത്തനായ അച്ഛന്റെ മകനാണ് സണ്ണി ജോർജ് (മോഹന്ലാല്). അയാള് ബംഗളൂരുവില് രത്നങ്ങളുടെ വില നിശ്ചയിക്കുന്ന ജെമ്മോളജിസ്റ്റാണ്. സണ്ണിയുടെ ഭാര്യ മേരികുട്ടി (നദിയാ മൊയ്തു) നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവില് 35-ാം വയസില് രണ്ട് കുട്ടികളുടെ അമ്മയാകാന് പോകുന്നു. സണ്ണിക്ക് എത്രയും പെട്ടെന്ന് ഭാര്യയുടെ അടുത്തെത്തണം. കമ്പനി വണ്ടി വിട്ടുകൊടുക്കാന് തയ്യാറായിട്ടും അയാള് ലോഡ് കൊണ്ടുപോകുന്ന പളനിക്കാരന് വീരപ്പയുടെ (സുരാജ് വെഞ്ഞാറമൂട്) പിക്കപ്പില് പോകാനാണ് ഇഷ്ടപ്പെടുന്നത്.
പിന്നീടുള്ള ഏഴ് മണിക്കൂറാണ് സിനിമയുടെ പ്രധാനഭാഗം. ബംഗളൂരുവില് നിന്ന് കോഴിക്കോട്ടുള്ള യാത്രയ്ക്കിടെ ഉണ്ടാകുന്ന അകടത്തില് വീരപ്പയും സണ്ണിയും പെടുന്നു. പിക്കപ്പിന്റെ മുക്കാല് ഭാഗത്തോളം അഗാധമായ കൊക്കയിലേക്ക് തള്ളി നില്ക്കുന്നു. ഉണങ്ങി കടപുഴകിയ ഒരു മരത്തില് പിറകിലെ ചക്രങ്ങളുടക്കിയാണ് പിക്കപ്പിന്റെ നില്പ്പ്. ഇവിടെ നിന്ന് നോണ്ലീനിയര് എഡിറ്റിങ്ങിലൂടെ സണ്ണിയുടെ ഓർമ്മകളായി സിനിമ വികസിക്കുന്നു. പ്രണയം, ജീവിതം, ബന്ധങ്ങള്, അതിജീവനങ്ങള്.... ഓരോന്നിലേക്കും നീളുന്ന ഓർമ്മകള്. മറ്റെല്ലാ മോഹന് ലാല് കഥാപാത്രങ്ങളെയും പോലെ സണ്ണിയെ എല്ലാവര്ക്കും ഇഷ്ടമാണ്, വിശ്വാസമാണ്. ആ ഇഷ്ടമാണ്, സ്നേഹമാണ് പ്രസവവേദനയെടുക്കുമ്പോഴും ഇടയ്ക്കിടെ ഭർത്താവിനെ വിളിക്കുന്ന മേരിക്കുട്ടിക്കും സഹപ്രവർത്തക നൈനയ്ക്കും രത്ന വ്യാപാരിക്കും സണ്ണിയോടുള്ളത്.

അതിജീവനത്തിനായി അയാള് നടത്തുന്ന ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നു. ഒടുവില് ദൈവത്തിന്റെ കൈ അയാളെ മരണഭയത്തില് നിന്നും ജീവിതത്തലേക്ക് പിടിച്ചുയർത്തുന്നു. ഇതിനിടെ സണ്ണി ബന്ധപ്പെട്ടുന്ന 'ഒരോ ആളും' സിനിമയിലുടനീളം 'ഭയ' ത്തിന് ആക്കം കൂട്ടുന്നു. ടോം ഹാങ്കസിന്റെ കാസ്റ്റ് എവേയെ കുറിച്ച് സണ്ണി വീരപ്പനോട് പറയുന്നുണ്ട്. പക്ഷേ അത് സിനിമയാണെന്നും ഇത് ജീവിതമാണെന്നും അയാള് അപ്പോള് തന്നെ തിരുത്തുന്നു. കഥ പറഞ്ഞു പോകുന്നതില് സിനിമ പിടിച്ചുനില്ക്കുന്നുണ്ടെങ്കിലും പ്രധാന കഥാപാത്രമായ ഭയത്തെ പ്രക്ഷകരിലേക്ക് കടത്തിവിടുന്നതില് സിനിമ പരാജയപ്പെടുന്നു. റോണി റാഫേലിന്റെ ബാക്ക് ഗ്രൌണ്ട് സ്കോര് കൂടുതല് ബഹളങ്ങള്ക്ക് മുതിരുന്നില്ല.
