താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്‍റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്‍റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്‍റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല

തന്‍റെ സിനിമയുടെ റിലീസിന് സമയമാകുമ്പോള്‍ ഫേസ്ബുക്കിലൂടെ നാട്ടിലെ സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളുമായെത്തുന്ന നന്മമരമെന്നുള്ളത് ജയസൂര്യക്കെതിരെയുള്ള വിമര്‍ശനമാണ്. പല സംഭവങ്ങളിലും തന്‍റെ നിലപാട് താരം വ്യക്തമാക്കുമ്പോള്‍, ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ഉയര്‍ത്തി വിടും. 

ഇപ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ജയസൂര്യ മറുപടി പറയുകയാണ്. ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ഒട്ടം ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്‍റെ പേജിലൂടെ ഷെയര്‍ ചെയ്യുന്നത്.

താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്‍റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്‍റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്‍റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടെെം ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റിയും ഏറെ കാര്യങ്ങള്‍ ജയസൂര്യ പങ്കുവെച്ചു. രഞ്ജിത്തും താനും ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിലേക്ക് കാര്യങ്ങള്‍ എത്തിയത്. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്കോ.

ഒരുപാട് പേര്‍ ജോണിനെ വീണ്ടും സ്ക്രീനില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രണ്ടാം ഭാഗം ഒരുക്കാന്‍ സാധിക്കുന്ന ഒരു കഥാപാത്രമാണ് ജോണ്‍. ആദ്യ ഭാഗത്തിനെക്കാള്‍ ഏറെ താത്പര്യം ഉണര്‍ത്തുന്ന കഥയാണ് പ്രേതം ടൂവിന്‍റേതെന്നും ജയസൂര്യ പറഞ്ഞു.