ട്രിവാൻഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോൻ വി. കെ. പ്രകാശ് ഒന്നിക്കുന്ന ചിത്രമാണ് മദ്രാസ് ലോ‍‍ഡ്ജ്. 

കൊച്ചി: ട്രിവാൻഡ്രം ലോഡ്ജിന്റെ സംവിധായകനായ വി.കെ. പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അനൂപ് മേനോൻ. മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. ഇവർ ഒന്നിച്ച ട്രിവാൻ‌ഡ്രം ലോഡ്ജ് പ്രേക്ഷകർക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരുന്നു. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് അനൂപ് മേനോൻ ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വച്ചിരിക്കുന്നത്. 999 ന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

Add Asianetnews as a Preferred SourcegooglePreferred

'എന്നാൽ ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാ​ഗമല്ല മ​ദ്രാസ് ലോഡ്ജ്' എന്നാണ് അനൂപ് മേനോൻ സിനിമയെക്കുറിച്ച് പ്രതികരിച്ചത്. ''കഥ ഏകദേശം പൂർത്തിയായി. അഭിനേതാക്കളെയോ മറ്റ് അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ വച്ചായിരിക്കും ഷൂട്ടിം​ഗ്. ആ​ഗസ്റ്റ് അവസാനത്തോടെ മാത്രമേ ചിത്രത്തെക്കുറിച്ച് പൂർണ്ണവിവരങ്ങൾ പറയാൻ കഴിയൂ.'' അനൂപ് മേനോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി.

മിയ നായികയായി അഭിനയിച്ച 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രമാണ് അനൂപ് മേനോൻ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ. സൂരജ് തോമസ് സംവിധാനം ചെയ്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.