Asianet News MalayalamAsianet News Malayalam

ഹിറ്റ് പ്രതീക്ഷയുമായി മണി രത്‌നം; അഞ്ച് ഭാഷകളില്‍ നിന്ന് ഈ വാരം ആറ് ചിത്രങ്ങള്‍

മണി രത്‌നത്തിന്റെ ഹിറ്റ് പ്രതീക്ഷയായ ചെക്ക ചിവന്ത വാനം അടക്കം അഞ്ച് ഭാഷകളിലായി ആറ് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

new releases this week
Author
Thiruvananthapuram, First Published Sep 27, 2018, 12:36 AM IST

അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ മികച്ച അഭിപ്രായവുമായി ബോക്‌സ് ഓഫീസിലും സാന്നിധ്യമറിയിച്ച വാരമാണ് പോയത്. മണി രത്‌നത്തിന്റെ ഹിറ്റ് പ്രതീക്ഷയായ ചെക്ക ചിവന്ത വാനം അടക്കം അഞ്ച് ഭാഷകളിലായി ആറ് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

ചെക്ക ചിവന്ത വാനം

ബോക്‌സ്ഓഫീസില്‍ ഒരു മണി രത്‌നം ചിത്രം വിജയംകണ്ടിട്ട് ഏറെക്കാലമായി. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അത് സാധിക്കുമെന്നാണ് ആരാധകരും കോളിവുഡും ഒരുപോലെ പ്രതീക്ഷിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, ചിമ്പു, വിജയ് സേതുപതി, ജ്യോതിക, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒരുചിത്രം ഏറെക്കാലത്തിന് ശേഷമാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. വ്യാഴാഴ്ച തീയേറ്ററുകളില്‍

 

ലില്ലി

'തീവണ്ടി' നായിക സംയുക്ത മേനോന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം പ്രശോഭ് വിജയനാണ്. ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചന. ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം. അപ്പു ഭട്ടതിരി എഡിറ്റിംഗ്.

 

ചാലക്കുടിക്കാരന്‍ ചങ്ങാതി

കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന വിനയന്‍ ചിത്രം. രാജമണിയാണ് കലാഭവന്‍ മണിയായി സ്‌ക്രീനിലെത്തുന്നത്. ഹണി റോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. തിരക്കഥ, സംഭാഷണം ഉമ്മര്‍ കാരിയോട്. വെള്ളിയാഴ്ച തീയേറ്ററുകളില്‍.

 

സുയീ ധാഗ-മേഡ് ഇന്‍ ഇന്ത്യ

വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. പ്രധാന കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള തൊഴില്‍ നൈപുണ്യ വികസനത്തെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ഇത്. നായികാനായകന്മാര്‍ സിനിമയില്‍ സാധ്യമാക്കാന്‍ ശ്രമിക്കുന്ന ഫാഷന്‍ ബ്രാന്റിന്റെ പേരാണ് സിനിമയ്ക്കും- സുയീ ധാഗ മേഡ് ഇന്‍ ഇന്ത്യ. വെള്ളിയാഴ്ച തീയേറ്ററുകളില്‍.

 

ജോണി ഇംഗ്ലീഷ് സ്‌ട്രൈക്ക്‌സ് എഗെയ്ന്‍

ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും ജോണി ഇംഗ്ലീഷ് (റൊവാന്‍ ആറ്റ്കിന്‍സണ്‍) എന്ന ചാരനെ രാജ്യരക്ഷയ്ക്കായി തിരിച്ചുവിളിക്കപ്പെടുകയാണ്. ജോണി ഇംഗ്ലീഷ് സിരീസിലെ മൂന്നാം ചിത്രം. എമ്മ തോംസണും ബെന്‍ മില്ലറുമൊക്കെ മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്. വെള്ളിയാഴ്ച ഇന്ത്യന്‍ റിലീസ്. 

 

ദേവദാസ്

താരസമ്പന്നത കൊണ്ട് തെലുങ്ക് സിനിമയില്‍ കാത്തിരിപ്പുയര്‍ത്തിയ ചിത്രം. നാനിയും നാഗാര്‍ജുന അക്കിനേനിയുമാണ് നായകന്മാര്‍. ശ്രീറാം ആദിത്യയാണ് സംവിധാനം. ആക്ഷന്‍ റൊമാന്റിക് വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. രഷ്മിക മന്തന, ആകാന്‍ക്ഷ സിംഗ് എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരം കുണാല്‍ കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബോക്‌സ്ഓഫീസിലും ചിത്രം മാജിക്ക് കാട്ടുമെന്നാണ് ടോളിവുഡിന്റെ പ്രതീക്ഷ. വ്യാഴാഴ്ച തീയേറ്ററുകളില്‍.

 

Follow Us:
Download App:
  • android
  • ios