Asianet News MalayalamAsianet News Malayalam

വിജയ് സേതുപതി, ആസിഫ് അലി, വിജയ് ദേവരകൊണ്ട; ഈ വാരം എട്ട് റിലീസുകള്‍

വിജയ് സേതുപതിയുടെ തമിഴ് ചിത്രം 96, ആസിഫ് അലിയുടെ മന്ദാരം, വിജയ് സേതുപതിയുടെ തെലുങ്ക് ചിത്രം നോട്ട എന്നിവയാണ് ഈയാഴ്ചത്തെ പ്രധാന റിലീസുകള്‍.

new releases this week
Author
Thiruvananthapuram, First Published Oct 4, 2018, 11:20 PM IST

വരത്തന്‍, തീവണ്ടി, പടയോട്ടം, ചക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളൊക്കെ തുടരുമ്പോള്‍ത്തന്നെ പുതിയ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. വിജയ് സേതുപതിയുടെ തമിഴ് ചിത്രം 96, ആസിഫ് അലിയുടെ മന്ദാരം, വിജയ് സേതുപതിയുടെ തെലുങ്ക് ചിത്രം നോട്ട എന്നിവയാണ് ഈയാഴ്ചത്തെ പ്രധാന റിലീസുകള്‍. ആകെ അഞ്ച് ഭാഷകളില്‍ നിന്ന് ഈയാഴ്ച തീയേറ്ററുകളിലെത്തുന്നത് എട്ട് ചിത്രങ്ങള്‍.

മന്ദാരം

നവാഗതനായ വിജീഷ് വിജയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ചിത്രം. എം സജാസിന്റേതാണ് തിരക്കഥ. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാരാണ് നായിക. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മ്മാണം.

 

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍

സാമൂഹിക പ്രതിബന്ധതാ ഫണ്ട് (സിഎസ്ആര്‍ ഫണ്ട്) ഉപയോഗിച്ച് ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രം. സംവിധാനം ബിജു മജീദ്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത 20 പ്രതിഭകളോടൊപ്പം സിനിമാ താരങ്ങളും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ ഷിബു രാജിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം പി സി ലാല്‍.

 

96 (തമിഴ്)

മണി രത്‌നം ചിത്രം തീയേറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ വിജയ് സേതുപതിയുടെ അടുത്ത ചിത്രം എത്തുകയാണ്. ഈ വര്‍ഷമെത്തുന്ന അദ്ദേഹത്തിന്റെ നാലാം ചിത്രം (ഗസ്റ്റ് അപ്പിയറന്‍സുകള്‍ ഒഴിവാക്കി). പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തൃഷ കൃഷ്ണനാണ് നായിക. വിജയ് സേതുപതിക്കൊപ്പം തൃഷ ആദ്യമായി സ്‌ക്രീനില്‍ എത്തുകയാണ്.

 

രാത്സതന്‍ (തമിഴ്)

വിഷ്ണു വിശാലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ തമിഴ് ചിത്രം. 2014ല്‍ മുണ്ടാസുപട്ടി എന്ന ചിത്രവുമായെത്തിയ രാംകുമാറാണ് സംവിധാനം. പൊലീസ് ഓഫീസറാണ് വിഷ്ണുവിന്റെ നായകന്‍. 

 

നോട്ട (തെലുങ്ക്/ തമിഴ്)

ഗീതാ ഗോവിന്ദത്തിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന വിജയ് ദേവെരകൊണ്ട ചിത്രം. രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാന്‍ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

അന്ധാധുന്‍ (ഹിന്ദി)

ബദ്‌ലാപൂരിന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ആയുഷ്മാന്‍ ഖുറാന, രാധിക ആപ്‌തെ, തബു, അനില്‍ ധവാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമതി ത്രിവേദിയാണ് സംഗീതം. റൊമാന്റിക് ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 

 

ലവ് യാത്രി (ഹിന്ദി)

അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ചിത്രം. ആയുഷ് ശര്‍മ്മ, വറീന ഹുസെയ്ന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 

വെനം (ഇംഗ്ലീഷ്)

ഈ വാരത്തിലെ ഏക ഹോളിവുഡ് റിലീസ്. സിനിമയുടെ അതേ പേരിലുള്ള മാര്‍വല്‍ കോമിക്‌സ് കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള സൂപ്പര്‍ ഹീറോ ചിത്രം. മാര്‍വലിനൊപ്പം കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. സോണി പിക്‌ചേഴ്‌സ് ആണ് വിതരണം. റൂബെന്‍ ഫ്‌ളെയ്ഷറാണ് സംവിധാനം. ടോം ഹാര്‍ഡിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്.

 

Follow Us:
Download App:
  • android
  • ios