Asianet News MalayalamAsianet News Malayalam

'ജോസഫാ'യി ജോജു, ത്രില്ലടിപ്പിക്കാന്‍ 'പിഹു', ദേവരകൊണ്ടയുടെ 'ടാക്സിവാല'; ഈ വാരം ഒന്‍പത് സിനിമകള്‍

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുന്നത് ഒന്‍പത് സിനിമകളാണ്.

new releases this week
Author
Thiruvananthapuram, First Published Nov 15, 2018, 9:19 PM IST

കേരളത്തിലും വന്‍ അഭിപ്രായവും കളക്ഷനും നേടിയ തമിഴ് ചിത്രങ്ങളില്‍ ചിലത് (രാക്ഷസന്‍, 96) വാരങ്ങള്‍ പിന്നിട്ടും തീയേറ്ററുകളില്‍ തുടരുന്നുണ്ട്. വിജയ്‍യുടെ സര്‍ക്കാരും വന്‍ കളക്ഷന്‍ നേടി തീയേറ്ററുകളിലുണ്ട്. മലയാളചിത്രങ്ങളില്‍ കായംകുളം കൊച്ചുണ്ണി ഇതിനകം വിജയമായിട്ടുണ്ട്. കഴിഞ്ഞ വാരമെത്തിയ മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ മികച്ച മൗത്ത് പബ്ലിസിറ്റിയുമായി  തുടരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുന്നത് ഒന്‍പത് സിനിമകളാണ്.

ജോസഫ്

ജോജു ജോര്‍ജ്ജിന്‍റെ വേറിട്ട ഗെറ്റപ്പിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ച എം പദ്മകുമാര്‍ ചിത്രം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ജോജുവിന്‍റെ ടൈറ്റില്‍ കഥാപാത്രം ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഷാഹി കബീര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം മനേഷ് മാധവന്‍. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോന്‍, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ് നിര്‍മ്മാണം. വെള്ളിയാഴ്ച തീയേറ്ററുകളില്‍.

ലഡു

രജിസ്റ്റര്‍ വിവാഹം പ്രമേയമാക്കുന്ന റൊമാന്‍റിക് കോമഡി ചിത്രം. നവാഗതനായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ് സംവിധാനം. രാജീവ് രവിയുടെ സഹായിയും മസാല റിപബ്ലിക് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായിരുന്നു അരുണ്‍. തിരക്കഥ സാഗര്‍ സത്യന്‍. ഛായാഗ്രഹണം ഗൗതം ശങ്കര്‍. വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ്മ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഗായത്രി അശോകനും വിജോ വിജയകുമാറും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീതസംവിധാനം രാജേഷ് മുരുകേശന്‍. വെള്ളിയാഴ്ച തീയേറ്ററുകളില്‍.

നിത്യഹരിത നായകന്‍

ഒരു യുവാവിന്‍റെ പല കാലത്തെ പ്രണയജീവിതത്തെ പിന്തുടരുന്ന കോമഡി ഡ്രാമ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. സംവിധാനം എ ആര്‍ ബിനുരാജ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിത്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് നിര്‍മ്മാണം. വെള്ളിയാഴ്ച തീയേറ്ററുകളില്‍.

കാട്രിന്‍ മൊഴി

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ആയ തുമാരി സുലുവിന്‍റെ തമിഴ് റീമേക്കില്‍ നായിക ജ്യോതിക. റേഡിയോ ജോക്കിയാവാന്‍ ശ്രമിച്ച് വിജയിക്കുന്ന നായികാ കഥാപാത്രം. ഹിന്ദി പതിപ്പില്‍ അഭിനയിച്ചത് വിദ്യാ ബാലന്‍. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തിന്‍റെ ഭര്‍ത്താവായി വിദാര്‍ഥ് എത്തുന്നു. ഛായാഗ്രഹണം മഹേഷ് മുത്തുസാമി. സംഗീതം എ എച്ച് കാഷിഫ്. റിലീസ് വെള്ളിയാഴ്ച.

തിമിറു പുടിച്ചവന്‍

വിജയ് ആന്‍റണി നായകനാവുന്ന ആക്ഷന്‍ ഡ്രാമ ചിത്രം. സംവിധാനം ഗണേഷ. നിവേദ പെതുരാജ് ആണ് നായിക. വിജയ് ആന്‍റണി ഫിലിം കോര്‍പറേഷന്‍റെ ബാനറില്‍ ഫാത്തിമ വിജയ് ആന്‍റണിയാണ് നിര്‍മ്മാണം. സംഗീതസംവിധാനവും വിജയ് ആന്‍റണിയുടേത് തന്നെ. ഇന്‍സ്പെക്ടര്‍ മുരുഗവേല്‍ എന്നാണ് നായകന്‍റെ പേര്. ഇന്‍സ്പെക്ടര്‍ മഡോണയായി നിവേദയും എത്തുന്നു. തീയേറ്ററുകളില്‍ വെള്ളിയാഴ്ച.

ടാക്സിവാല

വിജയ് ദേവരകൊണ്ട നായകനാവുന്ന ഫാന്‍റസി കോമഡി ത്രില്ലര്‍. രാഹുല്‍ സംക്രിത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ജവല്‍ക്കര്‍, മാളവിക നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'നോട്ട'യ്ക്ക് ശേഷമുള്ള ദേവരകൊണ്ട ചിത്രമാണ് ഇത്.

പിഹു

വിനോദ് കാപ്രി സംവിധാനം ചെയ്യുന്ന, സവിശേഷതകളുള്ള ത്രില്ലര്‍ ഡ്രാമാ ചിത്രം. രണ്ട് വയസ്സുകാരി ഒരു അപ്പാര്‍ട്ട്മെന്‍റില്‍ കുടുങ്ങിപ്പോകുന്നതാണ് പ്ലോട്ട്. മൈര വിശ്വകര്‍മ്മ എന്ന കുട്ടി നടിയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.

ഫന്‍റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിന്‍ഡെല്‍വാള്‍ഡ്

ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് സിരീസിലെ രണ്ടാം ചിത്രം. ആദ്യഭാഗമായ ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് ആന്‍റ് വെയര്‍ ടു ഫൈന്‍ഡ് ദൈം 2016ല്‍ പുറത്തിറങ്ങി. വാര്‍ണര്‍ ബ്രദേഴ്‍സും ഹേയ്ഡേയ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡേവിഡ് യേറ്റ്സ്. ജെ കെ റൗളിംഗിന്‍റേതാണ് രചന.

ബൊഹീമിയന്‍ റാപ്‍സൊഡി 

എക്കാലത്തെയും ആഘോഷിക്കപ്പെട്ട റോക്ക് ബാന്‍റുകളില്‍ ഒന്നായ ക്വീനിനെക്കുറിച്ചുള്ള ചിത്രം. ബാന്‍റിന്‍റെ പ്രധാന ഗായകനായ ഫ്രെഡ്ഡി മെര്‍കുറിയുടെ ജീവിതത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. റമി മലേക് ആണ് ഫ്രെഡിയുടെ വേഷത്തില്‍ എത്തുന്നത്. ബ്രയാന്‍ സിംഗര്‍ ആണ് സംവിധാനം.

Follow Us:
Download App:
  • android
  • ios