കാസര്‍കോട്: സുന്ദരി പെണ്ണിന്റെ കണ്ണിറുക്കും കൊണ്ട് തരംഗം സൃഷ്ടിച്ച മാണിക്യ മലരായ പൂവി എന്ന പാട്ടിന് വയലിനിലൂടെ സംഗീതം പകര്‍ന്ന് കാസര്‍കോട്ടെ പി.ജി.വിദ്യാര്‍ത്ഥി. കുന്നുംകൈ പുത്തരിയം കല്ലിലെ ജോയി ആന്റണിയുടെയും ലിസ്സി ജോയിയുടെയും മകന്‍ ഗിത്തു ജോയി(25) ആണ് നാട്ടിലെ താരമാകുന്നത്. 

പ്രിയ വാര്യര്‍ എന്ന പുതുമുഖ നായികയുടെ ഒറ്റ കണ്ണിറുക്കും കൊണ്ടാണ് മാണിക്യ മലരായ പൂവി എന്നഗാനം ലോകമാകെയുള്ള യുവാക്കള്‍ക്ക് ഹരമായത്. പാട്ടും കണ്ണിറുക്കവും സൂപ്പര്‍ ഹിറ്റായതോടെ അനാവശ്യ വിവാദങ്ങള്‍ക്കും ഇത് വഴിതെളിച്ചിരുന്നു. വിവാദങ്ങള്‍ പടരുമ്പോഴും കണ്ണിറുക്കവും പാട്ടും പലരും അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വ്യത്യസ്ത രീതിയിലുള്ള അവതരണത്തില്‍ ഗിത്തു പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്.

ഉത്സവ പറമ്പുകളിലെ വേദികളിലും പള്ളികളിലും മാണിക്യ മലര്‍ ഗാനം ജര്‍മ്മന്‍ നിര്‍മ്മിത വയലിനില്‍ വായിച്ച് ഗിത്തു ജോയി ഇതിനകം ഒട്ടേറെ പ്രശംസകള്‍ നേടിയെടുത്തു. എറണാകുളം വെണ്ണലയിലെ ഡോണ്‍ ബോസ്‌കോ കള്‍ച്ചറല്‍ സെന്ററില്‍ നിന്നുമാണ് ഗിത്തു വയലിന്‍ പഠിച്ചു തുടങ്ങിയത്. ഹയര്‍ സെക്കണ്ടറി തലത്തില്‍ സംസ്ഥാനത്ത് വയലിനില്‍ ഗിത്തുവാണ് താരമായിരുന്നത്. പിതാവ് ജോയി ആന്റണി അറിയപ്പെടുന്ന കീബോര്‍ഡിസ്റ്റാണ്. അമ്മ ലിസ്സി ജോയി പാട്ടുകാരിയും. അനുജന്‍ ഗിച്ചു ജോയി സ്‌കോളര്‍ഷിപ്പോടെ ഇറ്റലിയില്‍ പിയാനോ പഠിക്കുന്നു. വയലിനിസ്റ്റായ ഗിത്തു ജര്‍മ്മനിയില്‍ പി.ജി.വിദ്യര്‍ത്ഥിയാണ്.