മുംബൈ: നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 36-ാം ജന്‍മദിനത്തിന് തൊട്ടുമുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഇരുവരും ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തകളോട് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഹോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക അലി അബ്ബാസ് സഫറിന്റെ സിനിമയിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്താനുളള ഒരുക്കത്തിലായിരുന്നു. 10 വർഷങ്ങൾക്കുശേഷം ഈ ചിത്രത്തിലൂടെ സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ഇരുവരുടെയും ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ നടി പെട്ടന്ന് പിന്മാറിയതോടെയാണ് വിവാഹവാര്‍ത്തകള്‍ വീണ്ടും സജീവമായത്.

ഭാരത് സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്.‘സിനിമയിൽ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്പെഷലാണ്. നിക്കിനുവേണ്ടിയാണ് സിനിമയിൽനിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു’. അലി അബ്ബാസ് ട്വീറ്റ് ചെയ്തു.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്