ഡേറ്റിങ് ഇൻ ദ ഡാർക്ക് എന്ന പരിപാടിയിലൂടെയാണ് നിതാഷ ആദ്യമായി മിനി സ്ക്രീനിൽ എത്തുന്നത്
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ നിതാഷ ബിശ്വാസ് മിനി സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഡേറ്റിങ് ഇൻ ദ ഡാർക്ക് എന്ന പരിപാടിയിലൂടെയാണ് നിതാഷ ആദ്യമായി മിനി സ്ക്രീനിൽ എത്തുന്നത്. എംടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ഡേറ്റിങ്ങ് ഇൻ ദി ഡാർക്ക്. ഏറെ ജനശ്രദ്ധയാകർഷിച്ച ഷോയിൽ മിനി സ്ക്രീനിലെ താരങ്ങളാണ് അണിനിരക്കുന്നത്.

ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തിലാണ് നിതാഷ ജനിച്ചത്. 22-ാം വയസ്സു മുതൽ നിതാഷ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തെങ്കിലും 26-ാം വയസ്സിലാണ് തന്റെ ആഗ്രഹം പൂര്‍ത്തിയായതെന്ന് നിതാഷ പറയുന്നു. മിസ് ട്രാന്‍സ്‌ക്വീന്‍ 2017 എന്ന സുന്ദരിപ്പട്ടം സ്വന്തമാക്കി ചരിത്രമായി മാറിയതോടെ പിന്നീടങ്ങോട്ട് ലോകമറിയുന്ന താരമായി മാറുകയായിരുന്നു നിതാഷ.

ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ 15 പേരെ പിന്നിലാക്കിയായിരുന്നു നിതാഷയുടെ വിജയം. തുടർന്ന് മാര്‍ച്ചില്‍ തായ്ലന്‍ഡില്‍ നടന്ന മിസ് ഇന്റര്‍നാഷണല്‍ ട്രാന്‍സ് ക്വീന്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിതാഷ പങ്കെടുത്തിരുന്നു.

ജീവിതത്തെക്കുറിച്ച് നല്ല കാഴ്ച്ചപ്പാടും ബോധവുമുള്ള ഈ ഇരുപത്തേഴുകാരി നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് തിരശീലയില്‍ ഇടം പിടിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെ അകറ്റി നിര്‍ത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിതാഷയുള്ളത്.
