ആരാധകരെ ആവേശത്തിലാഴ്ത്തി നിവിന്‍ പോളിയുടെ പുതിയ ചിത്രം സഖാവിന്റെ ഓഡിയോ റിലീസ് ആലപ്പുഴയില്‍ നടന്നു. നിവിൻ പോളി , കുഞ്ചാക്കോ ബോബൻ അടക്കമുള്ള നടൻമാരും എ എം ആരിഫ് പ്രതിഭാ ഹരി അടക്കമുള്ള ജനപ്രതിനിധികളും പരിപാടിക്കെത്തി.

കൊടിതോരണങ്ങളാല്‍ അലങ്കരിച്ച വേദി, വിപ്ലവഗാനങ്ങള്‍ അലയടിക്കുന്ന അന്തരീക്ഷം, മേമ്പൊടിയായി മുദ്രാവാക്യങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി സമ്മേളന വേദികളെ അനുസ്മരിപ്പിയ്ക്കുന്നതായി ആലപ്പുഴ കടപ്പുറത്ത് സഖാവിന്റെ ഓഡിയോ റിലീസ്. സിപിഎം എംഎല്‍എമാരായ എ എം ആരിഫും പ്രതിഭാ ഹരിയും പാട്ടുകള്‍ പുറത്തിറക്കി. ഇതിനു പിന്നാലെയാണ് നായകന്‍ നിവിന്‍ പോളിയെത്തിയത്.

ചെങ്കൊടിയേന്തിയും സെല്‍ഫിയെടുത്തും ആരാധകരെ ആവേശത്തിലാഴ്ത്തിയ നിവിന്‍ ചിത്രത്തിലെ പഞ്ച് ഡയലോഗിലൂടെയും കയ്യടി നേടി.

ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയ്‌ക്കൊപ്പം നടന്‍ കുഞ്ചാക്കോ ബാബനും സഹതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാക്കളും ഓഡിയോ റിലീസിനെത്തി.